ജിദ്ദ – ലോകത്തുടനീളം പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൗദിയിലെ വിവിധ പള്ളികളിൽ ഇന്ന് രാത്രി ഒമ്പതിന് ചന്ദ്രഗ്രഹണ നമസ്കാരം നടക്കും. മക്ക, മദീന മസ്ജിദുൽ ഹറമുകളിലടക്കം നിരവധി പേരാണ് ചന്ദ്രഗ്രഹണ നമസ്കാരം നിർവഹിക്കാനായി എത്തിയിരിക്കുന്നത്. രാജ്യത്തെ മസ്ജിദുകളില്‍ ഇന്ന് രാത്രി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചിരുന്നു. . ഹറം ഇമാം ശൈഖ് ബദ്ര്‍ അല്‍തുര്‍ക്കി ഹറമില്‍ ഗ്രഹണ നമസ്‌കാരത്തിന് നേതൃത്വം നല്‍കു ഗ്രഹണസമയത്ത് ദൈവീക സ്മരണയും കീര്‍ത്തനങ്ങളും വര്‍ധിപ്പിക്കാനും പാപമോചനം തേടാനും തക്ബീര്‍ ചൊല്ലാനും ദാനധര്‍മ്മങ്ങള്‍ ചെയ്യാനും സല്‍കര്‍മ്മങ്ങളിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കാനും ഇമാമുമാര്‍ വിശ്വാസികള്‍ക്ക് വഴികാട്ടണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സൗദി അറേബ്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നുണ്ട്. സൗദിയില്‍ ചന്ദ്രഗ്രഹണം ഭാഗികമായി വൈകുന്നേരം 7.27 ന് ആരംഭിച്ചു. രാത്രി 8.30 ന് ഇത് പൂര്‍ണമായി. രാത്രി 9.11 ന് ഗ്രഹണം ഉച്ചസ്ഥായിയിലെത്തുകയും രാത്രി 9.52 ന് പൂര്‍ണ ഗ്രഹണം അവസാനിക്കുകയും ചെയ്യും. സൗദി സമയം രാത്രി 10.56 ന് ഭാഗിക ഗ്രഹണവും അവസാനിക്കും. ഗ്രഹണം ആകെ 3 മണിക്കൂറും 29 മിനിറ്റും നീണ്ടുനില്‍ക്കും. ഇതില്‍ 1 മണിക്കൂറും 22 മിനിറ്റും പൂര്‍ണ ഗ്രഹണമായിരിക്കും.
ലോകത്തെ ഏകദേശം 700 കോടി ആളുകള്‍ക്ക് ഏകദേശം ഒരേ സമയം ഗ്രഹണം കാണാന്‍ സാധിച്ചു. ഗ്രഹണം ആരംഭിച്ച് മിനിറ്റുകള്‍ക്കു ശേഷമാണ് നമസ്‌കാരം നടക്കുക. സമയ മേഖല വ്യത്യാസങ്ങള്‍ പരിഗണിക്കാതെ ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ ഒരേസമയം നടത്തുന്ന ഒരേയൊരു നമസ്‌കാരമാണിത്. 2028 ജൂലൈ 6 വരെയുള്ള കാലത്ത് സൗദി ആകാശത്ത് ദൃശ്യമാകുന്ന അവസാനത്തെ ചന്ദ്രഗ്രഹണമായിരിക്കും ഇന്നത്തേത്. 2027 ഓഗസ്റ്റ് 2 വരെ സൗദി അറേബ്യയില്‍ സൂര്യ, ചന്ദ്രഗ്രഹണങ്ങള്‍ ദൃശ്യമാകില്ല. 2027 ഓഗസ്റ്റ് 2 ന് രാജ്യം ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കാഴ്ചകളിലൊന്നായ പൂര്‍ണ സൂര്യഗ്രഹണം കാണും.
2027 ല്‍ രാജ്യത്ത് ദൃശ്യമാകുന്ന അടുത്ത പൂര്‍ണ സൂര്യഗ്രഹണം ജിദ്ദ, മക്ക, തായിഫ്, അല്‍ബാഹ, അബഹ, നജ്റാന്‍, ജിസാന്‍ എന്നീ നഗരങ്ങളിലെല്ലാം കാണാന്‍ കഴിയും. അതിനു ശേഷം 730 വര്‍ഷങ്ങള്‍ക്ക് ശേഷം 2755 ഡിസംബറില്‍ മാത്രമേ പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുകയുള്ളൂ.
ഭൂമിയുടെ വ്യാസത്തിന്റെ 221 മടങ്ങ് ദൂരം വ്യാപിക്കുന്ന ഭൂമിയുടെ നിഴല്‍ കോണിലേക്ക് ചന്ദ്രന്‍ പ്രവേശിക്കുന്നതിനാലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും കൃത്യമായ കണക്കുകളിലൂടെയാണ് നീങ്ങുന്നത് എന്ന ദൈവീക വചനങ്ങള്‍ക്ക് അനുസൃതമായി, ഈ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ സൃഷ്ടിവൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതായി ഡോ. അബ്ദുല്ല അല്‍മിസ്നദ് പറഞ്ഞു.