ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ദേശീയ ധന ശേഖരണ യജ്ഞത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചേർന്ന് 7 കോടി റിയാൽ സംഭാവന നൽകി തുടക്കമിട്ടു. സല്‍മാന്‍ രാജാവ് നാലു കോടി റിയാലും കിരീടാവകാശി മൂന്നു കോടി റിയാലുമാണ് നല്‍കിയത്. അഞ്ചാമത് ദേശീയ സംഭവാവന ശേഖരണ യജ്ഞമാണിത്.
മുന്‍ വര്‍ഷങ്ങളിലെതു പോലെ ഈ കൊല്ലവും വിശുദ്ധ റമദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റോം വഴി ദേശീയ കാമ്പയിന്‍ നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു. കാമ്പയിന്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ 70 കോടിയിലേറെ റിയാല്‍ സംഭാവന ലഭിച്ചു.
2021ലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ദേശീയ സംഭാവന ശേഖരണ കാമ്പയിന് തുടക്കമായത്. പുണ്യകര്‍മങ്ങള്‍ക്ക് ദൈവത്തില്‍ നിന്നുള്ള പ്രതിഫലം പലമടങ്ങ് വര്‍ധിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമതികളുടെ താല്‍പര്യം വര്‍ധിക്കുകയും ചെയ്യുന്ന വിശുദ്ധ റമദാനിലാണ് ഇതു നടത്തിവരുന്നത്. സംഭാവനകള്‍ സ്വീകരിക്കുന്നതിലും അര്‍ഹരായര്‍ക്ക് വിതരണം ചെയ്യുന്നതിലും ഉയര്‍ന്ന വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ഈ ധനശേഖരണം എളുപ്പമാക്കുന്നു.
ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമും വെബ്‌സൈറ്റും ആപ്പും വഴിയും 8001247000 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടും പ്രത്യേകം നിശ്ചയിച്ച ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വഴിയും എസ്.എം.എസ്സുകള്‍ വഴിയും വ്യക്തികള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നോണ്‍-പ്രോഫിറ്റ് സ്ഥാപനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാം. ലഭിക്കുന്ന മുഴുവൻ തുകയും ജീവകാരുണ്യ, ആരോഗ്യ, സാമൂഹിക, ഭക്ഷണ, പാര്‍പ്പിട, വിദ്യാഭ്യാസ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങളായി വിതരണം ചെയ്യും.
2021 മുതൽ ഇതുവരെ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ആയിരം കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചിട്ടുണ്ട്. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെന്‍ട്രല്‍ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി എന്നിവ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍നോട്ടം വഹിക്കുന്നത്.