ജിദ്ദ – പുതുതലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നതില്‍ സഹകരണത്തിന്റെ സാധ്യത വിശകലനം ചെയ്യാന്‍ ഏപ്രില്‍ അവസാനത്തോടെ സൗദി അറേബ്യയും ജപ്പാനും ചര്‍ച്ചകള്‍ നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ നൂതന യുദ്ധവിമാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
2035 ഓടെ ഇത് സര്‍വീസില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ, സാങ്കേതിക ശേഷികള്‍ വര്‍ധിപ്പിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. സൈനിക വ്യവസായങ്ങള്‍ പ്രാദേശികവല്‍ക്കരിക്കാനും ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്ന വിഷന്‍ 2030 ന്റെ ഭാഗമായി പ്രതിരോധ, സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ ശ്രമിക്കുന്നതിനാല്‍ ഈ പദ്ധതിയില്‍ സൗദി അറേബ്യയുടെ പങ്കാളിത്തം സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.