ദമ്മാം/റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട വൻ വ്യോമാക്രമണ പരമ്പരയെ പ്രതിരോധ സേന വിഫലമാക്കി. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളെയും 18 ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. വ്യോമ പ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടൽ വലിയ അപകടങ്ങൾ ഒഴിവാക്കിയെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ ചില ഊർജ്ജ നിലയങ്ങൾക്ക് സമീപം പതിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്.
മേഖലയിൽ സുരക്ഷാ ഭീഷണി ശക്തമായതോടെ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള ഗതാഗതം മുൻകരുതൽ നടപടിയായി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണങ്ങൾ കണക്കിലെടുത്ത് തന്ത്രപ്രധാനമായ പാതകളിലെല്ലാം കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിവിൽ ഡിഫൻസിന്റെ എമർജൻസി പ്ലാറ്റ്‌ഫോം വഴി കിഴക്കൻ പ്രവിശ്യയിലെ താമസക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുന്നറിയിപ്പ് സമയത്ത് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളിൽ നിന്നും ബാൽക്കണികളിൽ നിന്നും വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകി. പുറത്തുള്ളവർ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. ഭീഷണി നേരിടാൻ വ്യോമസേന പൂർണ്ണ സജ്ജമാണെന്നും ആക്രമണങ്ങൾ തുടങ്ങിയത് മുതൽ ഇതുവരെ നൂറുകണക്കിന് ഡ്രോണുകളെയും മിസൈലുകളെയും തകർത്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നത് വരെ കോസ്‌വേയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



