റിയാദ് – ഭാവിയിലേക്ക് ആവശ്യമായ രീതിയിൽ തൊഴിൽ മേഖലയെ പരിവർത്തിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ സൗദി. ഇതിന് വേണ്ടി ദേശീയ നൈപുണ്യ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി അറിയിച്ചു. ഹ്യൂമന്‍ കപ്പാസിറ്റി ഇനീഷ്യേറ്റീവ് കോഫറന്‍സിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പഠന രീതികൾ മെച്ചപ്പെടുത്താനും എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള പരിശീലന അവസരങ്ങള്‍ നല്‍കാനും നിര്‍മിതമബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രയോജനപ്പെടുത്തി തൊഴില്‍ വിപണിയില്‍ ജീവനക്കാരുടെ ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
160 രാജ്യങ്ങളിലെ പ്രൊഫഷണലുകളെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടാന്‍ പ്രാപ്തമാക്കുന്ന പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാം ആരംഭിക്കും. ഇതുവഴി ആഗോളതലത്തില്‍ കൂടുതൽ പ്രതിഭകളെ സൃഷ്ടിക്കും. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ജീവനക്കാരുടെ ആവശ്യങ്ങള്‍ എന്നിവ തമ്മില്‍ സമന്വയിപ്പിക്കാനും പ്രതിഭകള്‍ തൊഴില്‍ വിപണിയിലെത്തുന്നത് എളുപ്പമാക്കാനും ഇതുവഴി സാധിക്കും. നമ്മള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു. സാങ്കേതിക പുരോഗതിയുടെ ഓരോ തരംഗത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. 2030 ആകുമ്പോഴേക്കും 9.2 കോടി തൊഴിലവസരങ്ങള്‍ പഴഞ്ചനായി മാറും. കാരണം ഓട്ടോമേഷനും നിര്‍മിതബുദ്ധിയും മേഖലകളുടെ പ്രവര്‍ത്തന രീതിയെയും ജീവനക്കാരുടെ പ്രവര്‍ത്തന രീതിയെയും മാറ്റി മറിക്കും.
63 ശതമാനം ജീവനക്കാരും തങ്ങളുടെ ശേഷികളിലെ വെല്ലുവിളികള്‍ തിരിച്ചറിയുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്ക് നമ്മള്‍ തയ്യാറാണോ അല്ലയോ എന്നതാണ് ചോദ്യം. ചില മേഖലകളില്‍ പരിശീലനത്തിനും നൈപുണ്യങ്ങള്‍ക്കും വെല്ലുവിളികളുണ്ട്. സൈബര്‍ സുരക്ഷാമേഖലയിൽ 34 ലക്ഷം തൊഴിലുകളെ ബാധിക്കും. നിര്‍മിതബുദ്ധി 50 ശതമാനം തൊഴില്‍ ഇല്ലാതാക്കിയേക്കും. തന്ത്രപരമായ നീക്കത്തിലൂടെ മാത്രമേ ഈ വിടവ് നികത്താനാകൂ.
സൗദിയില്‍ തൊഴിൽ മേഖലയിൽ ആവശ്യങ്ങൾക്ക് അനുസൃതമായ അവസരം എന്ന രീതി സജീവമായിട്ടുണ്ട്. ജോലി ആവശ്യകതകളും അവ എങ്ങനെ പരിഹരിക്കാമെന്നും നിര്‍ണയിക്കുന്നതിന് പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന 13 നൈപുണ്യ കൗണ്‍സിലുകള്‍ സൗദിയിലുണ്ട്. യുവാക്കളെ ഭാവിയിലെ ജോലികള്‍ക്കായി സജ്ജമാക്കുന്നതിന് മൂന്നു ലക്ഷം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
പരമ്പരാഗത ബിരുദങ്ങള്‍ കൊണ്ടുമാത്രം ഇനി നിലനിൽക്കാനാകില്ല. തൊഴിലുടമകള്‍ പരിചയസമ്പന്നരായ തൊഴിലാളികളെയാണ് അന്വേഷിക്കുന്നത്. മാനവശേഷി പ്രോഗ്രാമുമായി സഹകരിച്ച്, ആരോഗ്യ സംരക്ഷണം, ധനകാര്യം, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ മൂന്നു ലക്ഷം പേര്‍ക്ക് വൈദഗ്ധ്യം നല്‍കാനായി സ്‌കില്‍സ് ആക്‌സിലറേറ്റര്‍ സംരംഭം ആരംഭിച്ചിട്ടുണ്ട്. കമ്പനികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് വിപണി ആവശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭം. വെര്‍ച്വല്‍ ലേണിംഗും നേരിട്ടുള്ള പഠനവും സംയോജിപ്പിച്ചാണ് പരിശീലനം നല്‍കുന്നത്.
സാങ്കേതിക വൈദഗ്ധ്യം കൊണ്ടു മാത്രം ഇനി കാര്യമില്ല. തന്ത്രപരമായ ചിന്ത, അതുമായി പൊരുത്തപ്പെടൽ, നേതൃത്വം എന്നിവ വളരെ പ്രധാനമാണ്. മാനവശേഷിയില്‍ നിക്ഷേപം നടത്താന്‍ വഅദ് എന്ന പേരില്‍ അറബി ഭാഷയില്‍ ദേശീയ പരിശീലന ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ പത്തു ലക്ഷത്തിലേറെ പരിശീലന അവസരങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ നവംബറില്‍, പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള 60 പങ്കാളികളുമായി ചേര്‍ന്ന് മുപ്പതു ലക്ഷം പരിശീലന അവസരങ്ങള്‍ ലക്ഷ്യമിടുന്ന വഅദിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. സ്ത്രീകള്‍ക്കായി യഥാര്‍ഥ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്ന പരിശീലന പരിപാടികളും ആരംഭിച്ചു. 70 പരിശീലന സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളിത്തം വഹിക്കുന്നു. ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിട്ടതിന്റെ 20 ശതമാനം കവിഞ്ഞതായും അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.