ജിദ്ദ – കഴിഞ്ഞ വര്‍ഷം മാത്രമായി സൗദിയില്‍ 57,595 വിവാഹ മോചനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതതായി കണ്ടെത്തൽ. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയത്തിന്റെ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും ഏറ്റവും ഉയർന്ന വർധനവാണ് 2024 ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സൗദികളായ ദമ്പതികളിൽ മാത്രം 50,117 പേർ വിവാഹമോചിതരാണ്. ഒരാള്‍ വിദേശിയായ ദമ്പതികളില്‍ 4,184 വിവാഹമോചനങ്ങളും ഇരുവരും വിദേശികളായ ദമ്പതികളില്‍ 3,294 വിവാഹമോചനങ്ങളുമാണ് രാജ്യത്ത് നടന്നത്.
ഓരോ ഒൻപത് മിനിറ്റിലും ഒരു വിവാഹമോചനം എന്ന തോതില്‍ പ്രതിദിനം ശരാശരി 157 വിവാഹ മോചനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യകളിലാണ് വിവാഹമോചന നിരക്ക് ഏറ്റവും കൂടുതല്‍. അല്‍ജൗഫില്‍ ആകെ ജനസംഖ്യയില്‍ ആയിരം പേരില്‍ 5.07 എന്ന നിരക്കിലും ഹായിലില്‍ 4.47 എന്ന നിരക്കിലും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 4.42 എന്ന നിരക്കിലും വിവാഹമോചനങ്ങള്‍ നടന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റകള്‍ വ്യക്തമാക്കി.