ജിദ്ദ – സൗദി അറേബ്യക്കെതിരായ ന്യായീകരിക്കാനാകാത്ത ഇറാന്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ സായുധ സേനാ പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനത്തില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമാനം പ്രകടിപ്പിച്ചു. സൗദി സായുധ സേനയിലെ എല്ലാ ശാഖകളിലെയും ഉദ്യോഗസ്ഥരുടെ വീരോചിതമായ പ്രകടനത്തില്‍ അഭിമാനിക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കാനും സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ സംരക്ഷിക്കാനും അന്യായമായ ഇറാന്‍ ആക്രമണത്തെ ചെറുക്കുന്നതിലൂടെ രാജ്യത്തിന്റെ വിഭവങ്ങളും നേട്ടങ്ങളും സംരക്ഷിക്കാനുമുള്ള അവരുടെ ഉയര്‍ന്ന കഴിവിലും അഭിമാനിക്കുന്നുവെന്ന് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതി.
പൗരന്മാര്‍ ദേശീയ പ്രതിരോധ സംവിധാനത്തില്‍ അനിവാര്യ പങ്കാളികളാണ്. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ലക്ഷ്യമിടുന്ന എന്തിനെ കുറിച്ചുമുള്ള ജനങ്ങളുടെ അവബോധവും ജാഗ്രതയും പ്രശംസനീയമാണ്. ജനങ്ങള്‍ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുന്നത് തുടരണം. മിസൈലുകളോ ഡ്രോണുകളോ കണ്ടാല്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണം. ഇത് ഭീഷണികളെ നേരിടുന്നതില്‍ സമൂഹവും സായുധ സേനയും തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
സമഗ്ര ദേശീയ ആപ്ലിക്കേഷനായ തവക്കല്‍നായിലൂടെ ഡ്രോണുകളും മിസൈലുകളും അടക്കമുള്ള സംശയാസ്പദമായ ആകാശ കാഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ സേവനം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് ഡ്രോണുകളെയും മിസൈലുകളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വദേശികളെയും പ്രവാസികളെയും പ്രാപ്തരാക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റെക്കോര്‍ഡ് സമയത്തിനകം ലഭിക്കുന്നുണ്ടെന്ന് പുതിയ സേവനം ഉറപ്പാക്കും.
രാജ്യത്തെ പ്രതിരോധിക്കുന്നതിലുള്ള സമൂഹത്തിന്റെ നിര്‍ണായക പങ്കിനെ അടിസ്ഥാനമാക്കി, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രതിരോധ സംവിധാനത്തിനും ഇടയിലുള്ള യഥാര്‍ഥ പങ്കാളിത്തത്തെ ഈ സേവനം ശക്തിപ്പെടുത്തുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വിശദീകരിച്ചു. രാജ്യത്തിനെതിരെ ഉണ്ടാകാവുന്ന ഏതൊരു വ്യോമാക്രമണങ്ങളെയും ആക്രമണങ്ങളെയും ചെറുക്കാന്‍ ആവശ്യമായ നൂതന ശേഷികള്‍ സൗദി സായുധ സേനക്കുണ്ട്. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന എന്തും റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ സേവനം സ്വദേശികളെയും പ്രവാസികളെയും അനുവദിക്കുന്നു. ഭീഷണികള്‍ കണ്ടെത്തുന്നതില്‍ സ്വദേശികളെയും പ്രവാസികളെയും പങ്കാളികളാക്കുന്നതില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇത് ഒരു ഗുണപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.



