ജിദ്ദ – ലിങ്കുകളുടെ വിശ്വാസ്യത തൽക്ഷണം പരിശോധിക്കാൻ ‘തഹഖഖ്’ എന്ന പുതിയ സേവനവുമായി സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുന്നതിന് മുൻപ് അവ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താൻ ഈ സേവനം പൊതുജനങ്ങളെ സഹായിക്കും. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും അനധികൃത ആക്സസിനും കാരണമായേക്കാവുന്ന സംശയാസ്പദമായ ലിങ്കുകളെ തിരിച്ചറിയാനും അവ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിനും സൈബർ ഭീഷണികൾ ലഘൂകരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ തന്ത്രപരമായ നീക്കമാണിത്.
നാഷണൽ സൈബർ സെക്യൂരിറ്റി സേവന പോർട്ടലായ ‘ഹസീൻ’, സൗദി ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് തഹഖഖ് സേവനം ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പക്കലുള്ള ലിങ്കുകൾ +966118136644 എന്ന ഏകീകൃത വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ ഹസീൻ പോർട്ടൽ വെബ്‌സൈറ്റ് വഴിയോ എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്. ലിങ്ക് പരിശോധനയ്ക്ക് പുറമെ ആവശ്യമായ സൈബർ സുരക്ഷാ മാർഗനിർദ്ദേശങ്ങളും ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും കൂടുതൽ കരുത്തുപകരുകയും വിശ്വസനീയമായ ഡിജിറ്റൽ ഇടം ഉറപ്പാക്കുകയുമാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.



