ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സൗദി കിരീടാവകാശിയെ ട്രംപ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണവും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള വഴികളും ചര്‍ച്ച ചെയ്ത ഇരുവരും പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ വിശകലനം ചെയ്യുകയും അവയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ഇരു നേതാക്കളും വിശകലനം ചെയ്തു. സമുദ്ര സുരക്ഷയും ജലപാതകളുടെ സുരക്ഷയും പ്രധാനമാണ്. മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സഹായിക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ട്രംപും വ്യക്തമാക്കി.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സംയുക്ത ഏകോപനവും കൂടിയാലോചനയും തുടരേണ്ടതിന്റെ പ്രാധാന്യം വിദേശ മന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. വാഷിംഗ്ടണില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്തു വെച്ചാണ് സൗദി അംബാസഡറെ മാര്‍ക്കോ റൂബിയോ സ്വീകരിച്ചത്. മേഖലയിലെ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ വശങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പൊതു താല്‍പ്പര്യമുള്ള വിവിധ മുന്‍ഗണനാ വിഷയങ്ങളില്‍ അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ അടുത്ത ഏകോപനവും സഹകരണവും തുടരേണ്ടതിന്റെ പ്രാധാന്യം റീമ രാജകുമാരിയും മാര്‍ക്കോ റൂബിയോയും ഊന്നിപ്പറഞ്ഞു.



