ജിദ്ദ: സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി ദമ്പതികൾക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിഞ്ചുബാലിക താലാ ബിന്ത് ദൈഫുല്ല അൽശംറാനിയെ പീഡിപ്പിച്ചും, ചികിത്സ നിഷേധിച്ചും, മുറിയിൽ പൂട്ടിയിട്ടും, ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ ദൈഫുല്ല ബിന്‍ ഇബ്രാഹിം ബിന്‍ ദൈഫുല്ല അൽശംറാനിയെയും ഭാര്യ സാറ ബിന്ത് ദൽമഖ് ബിന്‍ അബ്ദുറഹ്മാൻ അൽശംറാനിയെയുമാണ് ശിക്ഷയ്ക്ക് വിധേയരാക്കിയത്.
അതേസമയം, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. ലഹരിഗുളികകളും രാസലഹരി വസ്തുക്കളും കടത്തിയ സൗദി പൗരൻ അബ്ദുൽകരീം ബിന്‍ അബ്ബാസ് ബിന്‍ അബ്ദുൽകരീം ആലുകറമിന് കിഴക്കൻ പ്രവിശ്യയിലും, കൊക്കൈൻ കടത്തുന്നതിനിടെ അറസ്റ്റിലായ നൈജീരിയൻ വനിത റോകിയാത് ബോകോള ലാവാലിന് മക്ക പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയത്.