ജിദ്ദ – യു.എ.ഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണം ആണവ നിലയത്തിന് സമീപം അഗ്നിബാധക്ക് കാരണമായി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ ഈ നഗ്‌നമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യു.എ.ഇയോടുള്ള ഐക്യദാര്‍ഢ്യവും യു.എ.ഇയുടെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമുള്ള പിന്തുണയും സൗദി അറേബ്യ പ്രഖ്യാപിച്ചു.
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച മൂന്ന് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സേന തടയാന്‍ ശ്രമിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോണുകള്‍ വിജയകരമായി തടഞ്ഞതായും മൂന്നാമത്തേത് പ്ലാന്റ് കോംപൗണ്ടിനുള്ളിലെ ജനറേറ്ററില്‍ ഇടിച്ചതായും മന്ത്രാലയം പ്രസ്താവിച്ചു.
അല്‍ദഫ്ര മേഖലയിലെ ബറാക്ക ആണവ നിലയം ലക്ഷ്യമിട്ടുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ബറാക്ക ആണവ നിലയത്തിന് നേരെയുള്ള ആക്രമണങ്ങള്‍ അപകടകരമായ നിലക്ക് സംഘര്‍ഷം മൂര്‍ഛിപ്പിക്കാനുള്ള ശ്രമമാണെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി വ്യക്തമാക്കി. സുപ്രധാന, ആണവ കേന്ദ്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഈ ആക്രമണങ്ങള്‍. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയെ ബാധിക്കുന്നതും സിവിലിയന്മാരുടെയും പരിസ്ഥിതിയുടെയും ആഗോള ഊര്‍ജ വിതരണത്തിന്റെയും സുരക്ഷക്ക് ഭീഷണിയാകുന്നതുമായ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ കാരണമാകും. യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ജി.സി.സി രാജ്യങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജാസിം അല്‍ബുദൈവി വ്യക്തമാക്കി. ഈജിപ്തും കുവൈത്തും ബഹ്‌റൈനും ജോര്‍ദാനും യു.എ.ഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു.
അതേസമയം, ബറാക്ക ആണവ നിലയത്തിനു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ആക്രമണങ്ങളെ തുടര്‍ന്ന് നിലവിലുള്ള സുരക്ഷാ നടപടികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.



