ജിദ്ദ – യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവയുടെ പരമാധികാരത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി വിദേശ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഈ സഹോദര രാഷ്ട്രങ്ങളോടുള്ള പൂര്‍ണ്ണ ഐക്യദാര്‍ഢ്യം സൗദി അറേബ്യ പ്രഖ്യാപിക്കുകയും അവര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിയിലും അവരെ പിന്തുണക്കാന്‍ എല്ലാ വിഭവങ്ങളും നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും നഗ്‌നമായ ലംഘനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് സൗദി വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ ആക്രമണങ്ങളെ അപലപിക്കാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന ഇറാന്‍ നിയമ ലംഘനങ്ങളെ നേരിടാന്‍ നിര്‍ണായക നടപടികള്‍ സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



