ഹായില്‍– അബൂമര്‍ദാഅ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാസ്യതാരവും ഉള്ളടക്ക സ്രഷ്ടാവുമായ അബ്ദുല്ല ബിന്‍ മര്‍ദാഅ് അല്‍ആതിഫ് അല്‍ഖഹ്താനി ഹായിലില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു. മറ്റൊരു സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സ, അബൂമര്‍ദാഇന്റെ പിതൃസഹോദരപുത്രന്‍ ദഖീല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ ദഖീല്‍ കോമയിലാണ്. ഹായിലിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. അബൂഹുസ്സ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.
അപകടം നടന്നയുടന്‍ അബൂമര്‍ദാഇനെ സലാമാത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സെന്‍ട്രല്‍ മോര്‍ച്ചറിയിലേക്ക് നീക്കി. ഓള്‍ഡ് ഹായില്‍-ജുബ്ബ റോഡില്‍ അബൂമര്‍ദാഉം സംഘവും സഞ്ചരിച്ച ജീപ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹായിലിലെ അല്‍റാജ്ഹി ജുമാമസ്ജിദില്‍ ഇന്ന് ജുമുഅ നമസ്‌കാരത്തിനു ശേഷം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മയ്യിത്ത് സ്വദിയാന്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
സൗദി അറേബ്യയിലെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പ്രശസ്തരായ ഹാസ്യതാരങ്ങളില്‍ ഒരാളായിരുന്നു അബൂമര്‍ദാഅ്. ലളിതമായ ശൈലിക്കും, സുഹൃത്തുക്കളുമൊത്തുള്ള നര്‍മ്മ സാഹചര്യങ്ങളും ലഘുവായ തമാശകളും ഉള്‍പ്പെടുന്ന ദൈനംദിന വ്‌ളോഗുകള്‍ക്കും അബൂമര്‍ദാഅ് പ്രശസ്തനായിരുന്നു. വര്‍ഷങ്ങളായി, സ്‌നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയില്‍ അബൂമര്‍ദാഅ് വലിയ ഫോളോവേഴ്സിനെയുണ്ടാക്കി. രസവും ചിരിയും ഇഷ്ടപ്പെടുന്ന ലളിത മനുഷ്യന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ഇത് അബൂമര്‍ദാഇനെ സൗദിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാക്കി മാറ്റി.



