റിയാദ്: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും പുനർനിർമാണം നടത്താനും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയെ സൗദി അറേബ്യ സ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിൽ കൂട്ടിച്ചേർക്കരുതെന്ന പ്രഖ്യാപനത്തെയും മന്ത്രിസഭ യോഗം അനുകൂലിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇത് അറിയിച്ചത്.
1967-ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കാനും, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും സൗദി സഹായിക്കുമെന്ന് യോഗം വ്യക്തമാക്കി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും മുനമ്പിൽ നിന്ന് ഇസ്രായേലിന്റെ പൂർണ പിൻവാങ്ങൽ നടപ്പാക്കാനും മതിയായ മാനുഷിക സഹായം എത്തിക്കാനുമുള്ള കരാറിന് അമേരിക്കയുമായി സഹകരിക്കാൻ സൗദി തയ്യാറാണെന്നും മന്ത്രിസഭ പറഞ്ഞു.
അതേസമയം, കുവൈത്ത്, ശ്രീലങ്ക, ഇറാൻ, ചൈന, സുഡാൻ തുടങ്ങി 37 രാജ്യങ്ങളുടെ പുതിയ അംബാസഡർമാർ കിരീടാവകാശിയെ സന്ദർശിച്ച് അധികാരപത്രങ്ങൾ കൈമാറി. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, റോയൽ കോർട്ട് പ്രസിഡന്റ് ഫഹദ് അൽ-ഈസ, റോയൽ പ്രോട്ടോക്കോൾ വിഭാഗം മേധാവി ഖാലിദ് അൽ-അബാദ്, റോയൽ ഗാർഡ് മേധാവി ജനറൽ സുഹൈൽ അൽ-മുതൈരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



