ജിദ്ദ – സൗദി മന്ത്രിസഭ നേരിയ തോതില്‍ പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ ഉത്തരവുകളിറക്കി. വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിനെ പദവിയില്‍ നിന്ന് നീക്കി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന് വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കി. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് എന്‍ജിനീയര്‍ അഹ്‌മദ് അല്‍ഊഹലിയെ നീക്കി. വ്യവസായ, ധാതുവിഭവ മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയ ബന്ദര്‍ അല്‍ഖുറൈഫിനെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ആക്ടിംഗ് ഗവര്‍ണര്‍ പദവിയില്‍ നിയമിച്ചു. ബന്ദര്‍ അല്‍ഖുറൈഫിനെ സഹമന്ത്രിയും മന്ത്രിസഭാംഗവുമായും നിയമിച്ചിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷന്‍ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്ന് ശല്‍ആന്‍ ബിന്‍ റാജിഹ് ബിന്‍ അബ്ദുല്ല ബിന്‍ ശല്‍ആനെ നീക്കം ചെയ്തു. പകരം ഇദ്ദേഹത്തെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായാണ് നിയമനം. ജിദ്ദ മേയറായി ഇഹ്‌സാന്‍ ബിന്‍ അബ്ബാസ് ബിന്‍ ഹംസ ബാഫഖീഹിനെയും രാജാവ് നിയമനം ഏർപ്പെടുത്തി. ഡെപ്യൂട്ടി നീതിന്യായ മന്ത്രിയായി ഡോ. മുഹമ്മദ് ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍മുത്‌ലഖിനെയും സൗദി സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ത്വലാല്‍ ബിന്‍ ഫുവാദ് ബിന്‍ അഹ്‌മദ് അല്‍ഹമൂദിനെയും എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കുള്ള സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി അബ്ദുല്‍ഇലാഹ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ദുഹൈമിനെയും രാജാവ് നിയമിച്ചു.



