റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി നിർബന്ധമായും സർക്കാർ സേവനങ്ങൾ നൽകുന്ന അബ്ഷിർ പ്ലാറ്റ്ഫോമിൽ പരിശോധിക്കണം. അബ്ഷിറിൽ ഏത് ദിവസം വരെ വിസക്ക് കാലാവധിയുണ്ടോ, അത്രയും ദിവസം മാത്രമേ സൗദിയിൽ തങ്ങാനാകൂ. മൾട്ടിപ്പിൾ സന്ദർശക വിസയാണ് ലഭിക്കുന്നതെങ്കിലും ഏതു വിസയും നിലവിൽ ഒരു മാസം മാത്രമാണ് അടിക്കുന്നത്. ഈ കാലാവധി എത്ര വരെയുണ്ട് എന്ന കാര്യം അബ്ഷിറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങണമെന്നും അല്ലെങ്കില്‍ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു. പുതിയ സന്ദര്‍ശക വിസക്കാര്‍ക്ക് ഇപ്പോള്‍ ഒരു മാസം ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. വിസ അനുവദിച്ച സ്പോൺസറുടെ അബ്ഷിറാണ് പരിശോധിക്കേണ്ടത്.
കഴിഞ്ഞ ഫെബ്രുവരി 19ന് ശേഷം സ്റ്റാമ്പ് ചെയ്ത മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകള്‍ക്ക് ഏപ്രില്‍ 13 വരെ മാത്രമേ വിസ പേജില്‍ കാലാവധിയുള്ളൂ. എന്നാല്‍ അത്തരം വിസയിലുള്ളവര്‍ സൗദിയിലെത്തിയാല്‍ അന്നുമുതല്‍ ഒരു മാസമാണ് അബ്ശിറില്‍ കാലാവധി ലഭിക്കുന്നത്. ഈ കാലാവധിയാണ് അവസാന തിയ്യതിയായി കണക്കാക്കുക. നിശ്ചിത തിയ്യതിക്ക് ഒരാഴ്ചക്കുള്ളില്‍ പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ സൗദിയില്‍ നിന്ന്് തിരിച്ചുപോകേണ്ടിവരും. മള്‍ട്ടിപ്ള്‍ വിസയാണ് ലഭിച്ചിരുന്നതെങ്കിലും നാട്ടിലെ വിസ സര്‍വീസ് കേന്ദ്രങ്ങളില്‍ സ്റ്റാമ്പ് ചെയ്തപ്പോള്‍ ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസയാണ് ലഭിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണം.
സൗദി വിദേശകാര്യമന്ത്രാലയം അനുവദിച്ച മള്‍ട്ടിപ്ള്‍ ഫാമിലി സന്ദര്‍ശ വിസകള്‍ 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയായി ഏപ്രില്‍ 14ന് മുമ്പ് മടങ്ങണമെന്ന നിബന്ധനയോടെയാണ് ഫെബ്രുവരി 19 മുതല്‍ സൗദി കോണ്‍സുലേറ്റ് സ്റ്റാമ്പ് ചെയ്ത് നല്‍കുന്നത്. ഇതാദ്യമായാണ് മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകള്‍ സിംഗിള്‍ എന്‍ട്രിയായി സ്റ്റാമ്പ് ചെയ്തുവരുന്നത്. ഫെബ്രുവരി 19 മുതലാണ് സൗദി അറേബ്യയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി സന്ദര്‍ശക വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. അന്നു മുതല്‍ ഏതാനും ആഴ്ചകള്‍ ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസം താമസിക്കാവുന്ന 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയാണ് അനുവദിച്ചത്. ഇതിനിടയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി പുനഃസ്ഥാപിച്ചെങ്കിലും ഈ രാജ്യങ്ങളിലെ വിസ സര്‍വീസ് കേന്ദ്രങ്ങളായ വിഎഫ്എസ് താശീര്‍ ഓഫീസുകളില്‍ വിസ സേവനത്തിന് അപേക്ഷിക്കുമ്പോള്‍ മള്‍ട്ടിപ്ള്‍ വിസകള്‍ സ്വീകരിച്ചിരുന്നില്ല. മള്‍ട്ടിപ്ള്‍ എന്‍ട്രിക്ക് പകരം എല്ലാവര്‍ക്കും 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയാണ് നല്‍കിയിരുന്നത്. അഥവാ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ എന്‍ട്രിയാണ് ലഭിച്ചതെങ്കിലും നാട്ടില്‍ അത് 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയായാണ് സ്റ്റാമ്പ് ചെയ്തിരുന്നത്. മിക്കവരുടെയും പാസ്‌പോര്‍ട്ടുകളില്‍ വിസയുടെ വാലിഡിറ്റി ഏപ്രില്‍ 13 എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് സൗദി അറേബ്യയിലെത്തിയാല്‍ പരമാവധി അബ്ശിറില്‍ കാണിക്കുന്ന തിയ്യതി ഒരു മാസമാണ്. അതേസമയം നേരത്തെ 90 ദിവസ താമസ കാലാവധിയില്‍ 365 ദിവസത്തെ സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്ക് മൂന്നു മാസത്തേക്ക് ജവാസാത്ത് ഡയറക്ടറേറ്റ് ഇപ്പോഴും കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നുണ്ട്. സന്ദര്‍ശക വിസയുടെ ഈ പ്രശ്‌നം കാരണം പലരും ഉംറ വിസയിലാണ് സൗദിയിലെത്തുന്നത്. ഉംറ വിസക്കാര്‍ ഏപ്രില്‍ 29നാണ് മടങ്ങേണ്ടത്.