ജിദ്ദ – നിയമ ലംഘനത്തെത്തുടർന്ന് സൗദിയില്‍ വിമാന കമ്പനികള്‍ക്ക് വൻ പിഴ ചുമത്തി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. ഈ വര്‍ഷം മൂന്നാം പാദത്തോടെ 246 നിയമലംഘനങ്ങളാണ് വിമാന കമ്പനികള്‍ക്കെതിരെ റിപ്പോർട്ട് ചെയതത്. 48 ലക്ഷത്തിലേറെ റിയാലാണ് വിമാന കമ്പനികൾക്കെതിരെ പിഴ ചുമത്തിയത്. അതോറിറ്റിക്കു കീഴില്‍ സിവില്‍ ഏവിയേഷന്‍ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് ശിക്ഷകള്‍ വിധിക്കുന്ന പ്രത്യേക സമിതിയാണ് വിമാന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പിഴ ചുമത്തിയത്.
യാത്രക്കാരുടെ രേഖകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്താത്തതിനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും വിമാനക്കമ്പനികള്‍ക്ക് 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി. മൂന്നു മാസത്തിനിടെ ഇത്തരത്തിൽ 237 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എക്‌സിക്യൂട്ടീവ് നിയമാവലികള്‍ പാലിക്കാത്തതിന് ലൈസന്‍സുള്ള നാലു കമ്പനികള്‍ക്ക് 2,60,000 സൗദി റിയാല്‍ പിഴ ചുമത്തി. ആവശ്യമായ വിവരങ്ങള്‍ നല്‍കാത്തതിന് മൂന്ന് കമ്പനികള്‍ക്ക് 75,000 സൗദി റിയാലും പിഴ ചുമത്തി.
കൂടാതെ നിയമം ലംഘിച്ച രണ്ടു വ്യക്തികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. പെര്‍മിറ്റില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതിന് ഒരാള്‍ക്ക് 1,000 റിയാലും വ്യോമയാന ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് 10,000 റിയാലും പിഴ ചുമത്തി. സുതാര്യതയും മേല്‍നോട്ടവും വര്‍ധിപ്പിക്കാനും വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടികള്‍. ഇത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും രാജ്യത്ത് വ്യോമഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും സഹായിക്കുന്നതായി അതോറിറ്റി പറഞ്ഞു.