റിയാദ്– ഹോത്ത ബനീതമീമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് അധ്യാപികമാരും രണ്ട് ഡ്രൈവർമാരും കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ബറക് റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
അൽഉബൈദിയാത്ത് ഗ്രാമത്തിലെ സ്‌കൂളിലേക്ക് ജോലിക്ക് പോവുകയായിരുന്ന അധ്യാപികമാർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അധ്യാപികമാരുടെ വാഹനത്തിന് തീപിടിച്ചതോടെ ദുരന്തത്തിന്റെ തീവ്രത വർധിച്ചു. അധ്യാപികമാരും അവരുടെ ഡ്രൈവറും, മറുഭാഗത്തെ കാറിലുണ്ടായിരുന്ന സൗദി യുവാവും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് സിവിൽ ഡിഫൻസും സുരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. സ്‌കൂളിലേക്കുള്ള പതിവ് യാത്രയ്ക്കിടെയുണ്ടായ ഈ അപ്രതീക്ഷിത അപകടം വലിയ നോവായി മാറിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



