ജിദ്ദ – ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.
മൂന്നാം പാദത്തില്‍ ബജറ്റ് വരുമാനം 269.9 ബില്യണ്‍ റിയാലും ചെലവ് 358.4 ബില്യണ്‍ റിയാലുമാണ്. എണ്ണ വരുമാനം 150.8 ബില്യണ്‍ സൗദി റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ എണ്ണ വരുമാനം 21 ശതമാനമാണ് കുറഞ്ഞത്. 2024 മൂന്നാം പാദത്തില്‍ എണ്ണ വരുമാനം 190.8 ബില്യണ്‍ റിയാലായിരുന്നു.
അതേസമയം, എണ്ണ ഇതര വരുമാനത്തിൽ 1% വർധനവ് രേഖപ്പെടുത്തി. 2024 മൂന്നാം പാദത്തിലെ എണ്ണ ഇതര വരുമാനം 118.3 ബില്യണ്‍ റിയാൽ ആണെങ്കിൽ ഇത്തവണ 119 ബില്യണ്‍ റിയാലായി ഉയർന്നിട്ടുണ്ട്.
ഈ വര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളിലെ ആകെ ബജറ്റ് വരുമാനം 835 ബില്യണ്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 956 ബില്യണ്‍ റിയാലായിരുന്നു വരുമാനം. അതിനാൽ തന്നെ വരുമാനം 13 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളിലെ ബജറ്റ് ചെലവ് 1.01 ട്രില്യണ്‍ റിയാലിലെത്തി. ഇതിന്റെ ഫലമായി ഏകദേശം 182 ബില്യണ്‍ റിയാലിന്റെ കുറവുണ്ടായി.
ആദ്യ ഒമ്പത് മാസങ്ങളിലെ എണ്ണ വരുമാനം 23 ശതമാനം കുറഞ്ഞ് 452.4 ബില്യണ്‍ റിയാലായി. 2024 ലെ ഇതേ കാലയളവില്‍ ഇത് 585.8 ബില്യണ്‍ റിയാലായിരുന്നു. ഇതിനു വിപരീതമായി, എണ്ണ ഇതര വരുമാനം മൂന്നു ശതമാനം തോതില്‍ വര്‍ധിച്ച് 383 ബില്യണ്‍ റിയാലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എണ്ണ ഇതര വരുമാനം 370 ബില്യണ്‍ റിയാലായിരുന്നു.

 
		

