ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്‌ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്‌ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ബജറ്റ് വിമാന കമ്പനി ആരംഭിക്കാന്‍ എയര്‍ അറേബ്യ, കുന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്, നെസ്മ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് അറിയിച്ചു.
എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും കിഴക്കന്‍ പ്രവിശ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച ടെണ്ടര്‍ തെരഞ്ഞെടുക്കുന്നത് ഉറപ്പാക്കാന്‍ ശ്രമിച്ച്, പുതിയ ബജറ്റ് വിമാന കമ്പനി സ്ഥാപിക്കാന്‍ സമര്‍പ്പിച്ച ബിഡുകളുടെ സൂക്ഷ്മവും സമഗ്രവുമായ വിലയിരുത്തല്‍ പ്രക്രിയക്ക് ശേഷമാണ് എയര്‍ അറേബ്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചത്.
പുതിയ കമ്പനി യാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കും. ഇത് സൗദി അറേബ്യയുടെ എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കും. ദമാം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് 45 വിമാനങ്ങള്‍ ഉപയോഗിച്ച് 24 ആഭ്യന്തര, 57 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ കമ്പനി സര്‍വീസ് നടത്തും. 2030 ആകുമ്പോഴേക്കും ദമാം എയര്‍പോര്‍ട്ടിലേക്കും തിരിച്ചും പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ക്ക് പുതിയ ബജറ്റ് വിമാന കമ്പനി യാത്ര സൗകര്യം നല്‍കും.
പുതിയ വിമാന കമ്പനി 2,400 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രത്തിന്റെ ഭാഗമായ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളുടെ ഭാഗമായി മൊത്തം ആഭ്യന്തരോല്‍പാദനത്തെ പിന്തുണക്കാനും കമ്പനി സഹായിക്കും. ദമാമിലും കിഴക്കന്‍ പ്രവിശ്യയിലും സാമ്പത്തിക, ടൂറിസം വളര്‍ച്ച പുതിയ വിമാന കമ്പനി പ്രോത്സാഹിപ്പിക്കും. വ്യോമയാന മേഖലാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് പുതിയ ബജറ്റ് വിമാന കമ്പനിയുടെ പ്രവര്‍ത്തനം പ്രതിഫലിപ്പിക്കുന്നത്.
2024 ല്‍ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചു. 1,05,000 വിമാന സര്‍വീസുകളിലായി 1.28 കോടി യാത്രക്കാര്‍ക്ക് കഴിഞ്ഞ കൊല്ലം ദമാം എയര്‍പോര്‍ട്ട് സേവനം നല്‍കി. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ദമാം എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 35 ശതമാനം വളര്‍ച്ച കൈവരിച്ചു. എയര്‍ കാര്‍ഗോയില്‍ 160 ശതമാനത്തിലേറെ വളര്‍ച്ചയും രേഖപ്പെടുത്തി. സ്‌കൈട്രാക്‌സ് വര്‍ഗീരണം പ്രകാരം മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനവും ദാമാം എയര്‍പോര്‍ട്ട് നേടി. 2024 നും 2025 മധ്യത്തിനും ഇടയില്‍ 13 പ്രാദേശിക, അന്തര്‍ദേശീയ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ദമാം എയര്‍പോര്‍ട്ടിന് ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയില്‍ വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ മേഖലകളുമായി സഹകരിച്ച്, 42 പാസഞ്ചര്‍ എയര്‍ലൈനുകളും ഒമ്പത് കാര്‍ഗോ എയര്‍ലൈനുകളും ഉള്‍പ്പെടെ 51 വിമാന കമ്പനികള്‍ വഴി കഴിഞ്ഞ വര്‍ഷം പുതുതായി 62 പ്രാദേശിക, അന്തര്‍ദേശീയ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ അതോറിറ്റി വിജയിച്ചു. അടുത്ത നവംബറില്‍ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
സൗദി അറേബ്യയെ ലോക രാജ്യങ്ങളുമായി ബന്ധിപ്പിച്ചുള്ള എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനും പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനും യാത്രക്കാരുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും കിഴക്കന്‍ പ്രവിശ്യയിലെ സാമ്പത്തിക, ടൂറിസം വികസനത്തിന് പിന്തുണ നല്‍കാനും ദേശീയ, വിദേശ വിമാന കമ്പനികളുമായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. സൗദിയില്‍ പുതുതായി സ്ഥാപിച്ച റിയാദ് എയര്‍ ഈ വര്‍ഷാവസാനത്തോടെ സര്‍വീസുകള്‍ ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് റിയാദ് എയര്‍ സര്‍വീസ് നടത്തുക.