റിയാദ് – സൗദി അറേബ്യൻ ഫുട്‌ബോൾ താരവും അൽ ഹിലാൽ ക്ലബ്ബിന്റെ നായകനുമായ സാലിം അൽ ദൗസരി 2025-ലെ എഎഫ്‌സി മെൻസ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2022-ലെ നേട്ടത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം റിയാദിൽ നടന്ന എഎഫ്‌സി വാർഷിക അവാർഡ് ദാന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. ഖത്തറിന്റെ അക്രം അഫീഫ്, മലേഷ്യയുടെ ആരിഫ് ഐമാൻ എന്നിവരെ പിന്തള്ളിയായിരുന്നു ദൗസരിയുടെ നേട്ടം. ജപ്പാന്റെ ഹന തകഹാഷി എഎഫ്‌സി വനിതാ താരമായും, ദക്ഷിണ കൊറിയയുടെ ലീ കാങ്-ഇൻ എഎഫ്‌സി ഏഷ്യൻ ഇന്റർനാഷണൽ പ്ലെയർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നൽകിയ നിർണായക പ്രകടനങ്ങൾ നടത്തിയ 34-കാരനായ വിംഗർ, പുരസ്‌കാര ലബ്ധിയിൽ സഹതാരങ്ങൾക്കും ആരാധകർക്കും പരിശീലകർക്കും നന്ദി പറഞ്ഞു: ‘വ്യക്തിഗത പുരസ്‌കാരങ്ങൾ നേടുന്നതിനേക്കാൾ മികച്ചത് എന്റെ ടീമിനൊപ്പം കിരീടങ്ങൾ നേടുന്നതാണ്. എന്നാൽ ഈ പുരസ്‌കാരം ടീമിന്റെ നേട്ടങ്ങളുടെ പൂർത്തികരണം ആണെന്നതിനാൽ ഏറെ സവിശേഷമാണ്. ആരാധകർ, ദേശീയ ടീമിലെയും ക്ലബ്ബിലെയും സഹപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം ലഭിച്ച പിന്തുണയ്ക്ക് നന്ദി. ഈ പുരസ്‌കാരം അവർക്കുള്ളതാണ്.’
റോഷൻ സൗദി ലീഗിൽ (RSL) അൽ ഹിലാലിനെ അപരാജിത ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ ദൗസരി നിർണായക പങ്കാണ് വഹിച്ചത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ പത്ത് ഗോളും താരം സ്വന്തമാക്കിയിരുന്നു. സൗദി അറേബ്യക്ക് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയതിലും ദൗസരിക്ക് സവിശേഷ പങ്കുണ്ടായിരുന്നു. ജപ്പാന്റെ ഹിഡെതോഷി നകാത (1997, 1998), ഉസ്‌ബെക്കിസ്ഥാന്റെ സെർവർ ജെപറോവ് (2008, 2011), ഖത്തറിന്റെ അക്രം അഫീഫ് (2019, 2023) എന്നിവർക്ക് ശേഷം എഎഫ്‌സി പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം രണ്ടുതവണ നേടുന്ന നാലാമത്തെ മാത്രം കളിക്കാരനായി അൽ ദൗസരി മാറി.
1994-ൽ സഈദ് അൽ ഉവൈറാൻ പ്രഥമ പുരസ്‌കാരം നേടിയതിന് ശേഷം ഇത് ഏഴാം തവണയാണ് ഒരു സൗദി അറേബ്യൻ താരം ഈ നേട്ടം കൈവരിക്കുന്നത്. നിയോം (NEOM) അവതരിപ്പിച്ച ചടങ്ങിൽ ഏഷ്യൻ ഫുട്‌ബോളിലെ മറ്റ് പുരസ്കാര ജേതാക്കളെയും ആദരിച്ചു.