ജിദ്ദ- കേരളത്തിൽ വേരുകളുള്ള പ്രമുഖ സൗദി വ്യവസായി അബൂ റയ്യാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) അന്തരിച്ചു. ഇന്ന് രാവിലെ സുബഹി നമസ്കാരത്തിന് ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
1949 ല്‍ ആലപ്പുഴ ആറാട്ടുപുഴയില്‍നിന്ന് ജിദ്ദയിലെത്തി ബിസിനസ് രംഗത്ത് ശോഭിച്ച സഈദ് മുഹമ്മദ് അലി അബ്ദുല്‍ ഖാദര്‍ മലൈബാരിയാണ് പിതാവ്. 1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന അബൂറയ്യാന്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. 1980 ല്‍ ബിസിനസിലേക്ക് കടന്നു. മുഹമ്മദ് സഈദ് കമേഴ്‌സ്യല്‍ കോര്‍പറേഷന്റെ (മൊസാകോ) ഉടമയും മാനേജിംഗ് ഡയറക്ടറുമായ അബൂറയ്യാന്‍, ബലദിലെ കശ്മീരി ടെക്‌സ്റ്റയില്‍സ് സ്ഥാപിച്ച് ടെക്സ്റ്റയില്‍സ് മേഖലയിലേക്കും കടന്നു. ജിദ്ദയിലെ റെയ്‌മോണ്ട്‌സിന്റെ ഉടമയും ഇദ്ദേഹമായിരുന്നു. 1990 കളിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെതുടര്‍ന്നാണ് റെയ്മോണ്ട്സ് ഏറ്റെടുത്തത്.
ജിദ്ദയിൽ ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് നടത്തുന്ന പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ മെയിൽ ജിദ്ദയിൽ ജി.ജി.ഐ സംഘടിപ്പിച്ച മലൈബാരി സൗദികളുടെ സംഗമത്തിൽ മലയാളത്തിൽ പ്രസംഗിച്ച് കാണികളുടെ കയ്യടി നേടിയിരുന്നു. ഈ പ്രസംഗത്തിന്റെ പൂർണ്ണരൂപം ദ മലയാളം ന്യൂസ് പ്രക്ഷേപണം ചെയ്തതും മലയാളികൾ ഏറ്റെടുത്തു. കേരളത്തിലേക്ക് പതിവായി യാത്ര നടത്തുന്നതും ഇദ്ദേഹത്തിന്റെ പതിവായിരുന്നു. മൂന്ന് ആൺ മക്കളുണ്ട്. (വിവരങ്ങൾക്ക് കടപ്പാട്- ഹസൻ ചെറൂപ്പ)