ജിദ്ദ – റുവൈസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കേടായ ഇറച്ചി ശേഖരം ജിദ്ദ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചു. വാഹനത്തില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കേടായ നിലയിലുള്ള 300 കിലോ ഇറച്ചി കണ്ടെത്തിയത്.
റുവൈസിലെ ഹായില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്കാണ് ഇറച്ചി കൊണ്ടുപോകുന്നതെന്ന് വ്യക്തമായതായി ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ മേധാവി ഹിബ ഹുസൈന്‍ അല്‍ബലവി പറഞ്ഞു. ചെറിയ സ്റ്റീല്‍ ബക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലാണ് വാഹനത്തില്‍ ഇറച്ചി ശേഖരം കണ്ടെത്തിയത്.
ഉപയോഗശൂന്യമായി നിറംമാറിയ നിലയിലായിരുന്നു ഇറച്ചി. യാതൊരുവിധ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതെയാണ് വാഹനത്തില്‍ ഇറച്ചി നീക്കം ചെയ്തിരുന്നത്. ഉടന്‍ തന്നെ ഇറച്ചി ശേഖരം നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇറച്ചി നീക്കം ചെയ്ത വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ മറ്റു നിയമാനുസൃത ശിക്ഷാ നടപടികളും സ്വീകരിക്കും.