ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ട് രണ്ടുപേർ മരണപ്പെട്ടു. മലപ്പുറം റാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യയും മകളുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ദലം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്നു പതിക്കുകയായിരുന്നുവെന്നും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡിൽ പലതവണ മറിയുകയായിരുന്നുവെന്നും അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



