റിയാദ് – റിയാദ് ആര്‍ട്സ് സര്‍വകലാശാല (റിയാദ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ്) വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു.
സര്‍ഗപ്രതിഭകളെയും സൃഷ്ടിവൈഭവമുള്ളവരെയും പരിപോഷിപ്പിക്കുന്നതിലൂടെ സാംസ്‌കാരിക മേഖലയുടെ വികസനത്തിന് സംഭാവന നല്‍കാനും സൃഷ്ടിപരമായ കലകളില്‍ വൈദഗ്ധ്യം നേടിയ മികച്ച 50 അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളില്‍ ഒന്നാകാനുമാണ് പുതിയ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നത്. സാംസ്‌കാരിക വിഷയങ്ങളിലെ പ്രമുഖ അന്താരാഷ്ട്ര അക്കാദമിക് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ സൃഷ്ടിപരമായ വിദ്യാഭ്യാസത്തില്‍ മുന്‍നിര സ്ഥാപനമാകാന്‍ റിയാദ് ആര്‍ട്സ് സര്‍വകലാശാല ശ്രമിക്കുന്നു. സാംസ്‌കാരിക പ്രതിഭകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും സ്ഥാപനം വാഗ്ദാനം ചെയ്യും.
റിയാദിലെ അര്‍ഖ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലയില്‍ സിനിമ, സംഗീതം, സാംസ്‌കാരിക മാനേജ്‌മെന്റ്, വിഷ്വല്‍ ആര്‍ട്‌സ്, ഫോട്ടോഗ്രാഫി, പാചക കലകള്‍, പൈതൃക പഠനം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 13 കോളേജുകള്‍ ഉണ്ടാകും. കോളേജ് ഓഫ് തിയേറ്റര്‍ ആന്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ്, കോളേജ് ഓഫ് മ്യൂസിക്, കോളേജ് ഓഫ് ഫിലിം എന്നീ മൂന്ന് കോളേജുകള്‍ക്ക് കീഴിലായിരിക്കും യൂനിവേഴ്‌സിറ്റിയുടെ ആദ്യ ബാച്ച് പ്രോഗ്രാമുകള്‍.
വിഷന്‍ 2030 ആരംഭിച്ച ശേഷം സൗദിയില്‍ സാംസ്‌കാരിക മേഖല ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അത് പ്രധാന സാമ്പത്തിക ചാലകശക്തിയായി മാറിയിട്ടുണ്ടെന്നും കള്‍ച്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്കുള്ള സാംസ്‌കാരിക മേഖലയുടെ സംഭാവന 1.6 ശതമാനമായി ഉയര്‍ന്നു. സാംസ്‌കാരിക മേഖലാ ജീവനക്കാര്‍ 2,34,000 ല്‍ എത്തി. 2024 ല്‍ സാംസ്‌കാരിക മേഖലക്കുള്ള സാമ്പത്തിക പിന്തുണ 200 കോടി ഡോളറിലെത്തി. സാംസ്‌കാരിക മേഖലയിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ 81 ബില്യണ്‍ റിയാല്‍ കവിഞ്ഞു.
സൃഷ്ടിപരവും സാംസ്‌കാരികവുമായ വ്യവസായങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍, സൗദി സാംസ്‌കാരിക മേഖലയുടെ വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് അനിവാര്യവും തന്ത്രപരവുമാണ്. ഈ അടിസ്ഥാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സമ്മേളനം സഹായിക്കും. സമ്മേളനത്തിനിടെ 500 കോടിയിലേറെ റിയാലിന്റെ 89 കരാറുകള്‍ ഒപ്പുവെക്കുമെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.