ജിദ്ദ- പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷന് തുടക്കം കുറിച്ചുകൊണ്ട് ജിദ്ദയില്‍ നാളെ സ്‌ക്രീനുകള്‍ തെളിയും. നാളെ ഉദ്ഘാടനത്തേടനുബന്ധിച്ച് ഐശ്വര്യാറായ് ജിദ്ദയിലെത്തും. ഇന്‍ കോണ്‍വര്‍സേഷന്‍ എന്ന പരിപാടിയില്‍ ഫെസ്റ്റിവല്‍ പ്രതിനിധികളുമായി അവര്‍ കൂടിക്കാഴ്ച നടത്തും.


റെഡ് സീ സൂഖ്, റെഡ് സീ ഗാര്‍ഡന്‍, കള്‍ച്ചറല്‍ സ്‌ക്വയര്‍, സൂഖ് ഫോറം തുടങ്ങിയ പേരുകളിട്ട അല്‍ബലദ് ഡിസ്ട്രിക്ടിലേയും (ബാബ്മക്ക), ബാഗ്ദാദിയയിലേയും പ്രത്യേകം സജ്ജീകരിച്ച തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും തുറന്ന വേദികളിലുമായാണ് വിവിധ ഭാഷകളിലെ ക്ലാസിക്കുകളുടെ ദൃശ്യാവിഷ്‌കാരം. അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 110 പ്രശസ്ത സിനിമകളാണ് ഈ മാസം 13 വരെ നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ നിന്ന് മുസഫര്‍ അലി സംവിധാനം നിര്‍വഹിച്ച ഉംറാഒ ജാന്‍ എന്ന പടവും പഴയ കാലചിത്രമായ ഏര്‍ലി ഡെയ്‌സും ഡിസംബര്‍ ഏഴിന് പ്രദര്‍ശിപ്പിക്കും. ഉംറാഒ ജാനിലെ നായിക രേഖയും സംവിധായകന്‍ മുസഫര്‍ അലിയും ജിദ്ദയിലെത്തുന്നുണ്ട്. ആസ്വാദകര്‍ക്ക് ഇവരുമായി ആശയവിനിമയം നടത്താം.
ഹോളിവുഡിലെ പ്രശസ്ത താരങ്ങളായ അഡ്രിയന്‍ ബ്രോഡി, സീന്‍ ബേക്കര്‍ എന്നിവരും നാളെ ഫെസ്റ്റിവലിന് എത്തും. ബ്രിട്ടീഷ് ചിത്രമായ എ മാറ്റര്‍ ഓഫ് ലൈഫ് ആന്റ് ഡെത്ത്, ജാപ്പനീസ് ചിത്രമായ ഡൊറിയാമോണ്‍ – നൊബിതാ ആര്‍ട്ട് വേള്‍ഡ് ടെയില്‍സ് എന്നിവയുടെ പ്രദര്‍ശനവും നാളെ കള്‍ച്ചറല്‍ സ്‌ക്വയറിലുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവസവും വിവിധ തിയേറ്ററുകളിലായി പത്ത് സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും. വിവിധ സിനിമകളുടെ അണിയറ പ്രവര്‍ത്തകരും പ്രധാന അഭിനേതാക്കളും ഫെസ്റ്റിവലിലുണ്ടാകും. സൗദി ചിത്രങ്ങളുള്‍പ്പെടെ മൂന്നോ നാലോ പ്രീമിയറുകളും ഈ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണെന്ന് റെഡ് സീ ഫിലിം ഫൗണ്ടേഷന്‍ സാരഥികള്‍ വ്യക്തമാക്കി. ഏറ്റവും നല്ല സിനിമയ്ക്കുള്ള യുസ്ര്‍ പുരസ്‌കാരം അവസാന ദിവസം പ്രഖ്യാപിക്കും. ഐശ്വര്യാ റായിയുമായുള്ള ‘ഇന്‍ കോണ്‍വര്‍സേഷന്‍’ പ്രോഗ്രാമില്‍ നാളെ 2.30 ന് റെഡ് സീ സൂഖിലെ ഫോറം റൂം നമ്പര്‍ ഒന്നില്‍, പ്രവേശന പാസ് ലഭ്യമായവര്‍ക്ക് പങ്കെടുക്കാനാവും.



