റിയാദ്– അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ റിയാദിന് സമീപം ദിരിയിയിലെ വാദി സഫാറില്‍ ആയിരം കോടി ഡോളര്‍ നിക്ഷേപത്തോടെ വന്‍കിട ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നടപ്പാക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഡംബര ടൂറിസം, റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതികളില്‍ ഒന്നായ ട്രംപ് ഇന്റര്‍നാഷണല്‍ വാദി സഫാര്‍ പദ്ധതിക്ക് ദിരിയയില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചതായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് അറിയിച്ചു. ട്രംപ് ബ്രാന്‍ഡഡ് ഹോട്ടലും ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബും ആഡംബര റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഒരു കൂട്ടവും അടങ്ങിയ ട്രംപ് ഇന്റര്‍നാഷണല്‍ വാദി സഫാര്‍ പദ്ധതി, വാദി സഫാറിന്റെ സമഗ്ര വികസനത്തിനുള്ള റയാന വാദി സഫാര്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണെന്ന് ടൂറിസം മന്ത്രി വിശദീകരിച്ചു.
ആഡംബര റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ ദാര്‍ ഗ്ലോബല്‍, ട്രംപ് ഓര്‍ഗനൈസേഷനുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ആയിരം കോടിയോളം ഡോളര്‍ നിക്ഷേപങ്ങളോടെ ട്രംപ് പാലസസ് എന്നറിയപ്പെടുന്ന പുതിയ റയാന പദ്ധതി അനാച്ഛാദനം ചെയ്തു. ഉയര്‍ന്ന മൂല്യമുള്ള ആഡംബര ലക്ഷ്യസ്ഥാനങ്ങള്‍ വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമാണ് റയാന പദ്ധതിയെന്ന് ദാര്‍ ഗ്ലോബല്‍ സി.ഇ.ഒ സിയാദ് അല്‍ശആര്‍ വ്യക്തമാക്കി. ലക്ഷ്വറി ഭവനങ്ങള്‍, ആഡംബര ഹോസ്പിറ്റാലിറ്റി, ലോകോത്തര വിനോദ സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ജീവിതശൈലി വാഗ്ദാനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ദാര്‍ ഗ്ലോബല്‍ സൗദിയില്‍ നടപ്പാക്കുന്ന വിശാലമായ നിക്ഷേപ പാക്കേജിന്റെ ഭാഗമാണ് റയാന പദ്ധതി. ജിദ്ദയിലെ മറ്റൊരു പദ്ധതിയും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ പദ്ധതികള്‍ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ആകര്‍ഷിക്കാനും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആഡംബര സാംസ്‌കാരിക, വിനോദസഞ്ചാര, റെസിഡന്‍ഷ്യല്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ദിരിയയുടെ സ്ഥാനം വര്‍ധിപ്പിക്കാനുമുള്ള സൗദി റിയല്‍ എസ്റ്റേറ്റ് വിപണിയുടെ പ്രവണതയെ ഇത് പ്രതിഫലിപ്പിക്കുന്നതായും സിയാദ് അല്‍ശആര്‍ പറഞ്ഞു.
കൊട്ടാര സമാനമായ 500 ലക്ഷ്വറി ഭവനങ്ങള്‍ അടങ്ങിയ റയാന പദ്ധതി 26 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശത്താണ് നടപ്പാക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ദാര്‍ ഗ്ലോബലും സൗദി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അതിന്റെ മാതൃകമ്പനിയായ ദാര്‍ അല്‍അര്‍ക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റും തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഡംഭര ഭവനങ്ങള്‍ക്ക് 1,100 ചതുരശ്ര മീറ്റര്‍ മുതല്‍ 5,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുണ്ടാകും. ഈ ഭവനങ്ങള്‍ക്ക് രണ്ടര കോടി റിയാല്‍ മുതല്‍ എട്ടു കോടി റിയാല്‍ വരെയായിരിക്കും വില. ട്രംപ് ഗ്രൂപ്പുമായുള്ള ദാര്‍ ഗ്ലോബലിന്റെ റിയാദിലെ ആദ്യ സഹകരണ പദ്ധതിയാണിത്. ഈ വര്‍ഷാവസാനത്തോടെ തലസ്ഥാനത്ത് ട്രംപ് ഗ്രൂപ്പുമായി ചേര്‍ന്ന് രണ്ടാമത്തെ പദ്ധതി ആരംഭിക്കാന്‍ ദാര്‍ ഗ്ലോബല്‍ പദ്ധതിയിടുന്നു.
സൗദിയില്‍ ഈ വര്‍ഷാദ്യം മുതല്‍ നിലവില്‍വന്ന റിയല്‍ എസ്‌റ്റേറ്റ് വിദേശ ഉടമസ്ഥാവകാശ നിയമം പ്രയോജനപ്പെടുത്തി ഈ പദ്ധതി സൗദി, വിദേശ നിക്ഷേപകരെ ലക്ഷ്യമിടുന്നു. ദാര്‍ ഗ്ലോബലിനു കീഴില്‍ ആകെ 23 ബില്യണ്‍ ഡോളറിന്റെ (86 ബില്യണ്‍ റിയാല്‍) റിയല്‍ എസ്റ്റേറ്റ് പദ്ധതികളുണ്ട്. ഈ നിക്ഷേപങ്ങളില്‍ ഏകദേശം 45 ശതമാനം സൗദി അറേബ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2024 ഡിസംബറില്‍ സൗദി വിപണിയില്‍ പ്രവേശിച്ച കമ്പനിയുടെ പ്രാദേശിക വിപണിയിലെ നിക്ഷേപങ്ങള്‍ 10 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.
സൗദിയില്‍ ആഡംബര റിയല്‍ എസ്റ്റേറ്റിനുള്ള പ്രാദേശികവും ആഗോളവുമായ ആവശ്യകത വര്‍ധിച്ചതോടെ കമ്പനി സൗദി വിപണിയില്‍ പ്രവര്‍ത്തനം വ്യാപിച്ചു. ജിദ്ദയിലെ ട്രംപ് ടവര്‍ ഗണ്യമായ വില്‍പ്പന കൈവരിച്ചു. മണ്ണ് നീക്കം ചെയ്യല്‍, അടിത്തറ നിര്‍മാണം അടക്കമുള്ള ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി ജോലികള്‍ക്ക് പ്രധാന കരാറുകാരനെ നിയമിച്ചിട്ടുണ്ട്. 36 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഈ വര്‍ഷം മുതല്‍ ലോകമെമ്പാടുമുള്ള അനുബന്ധ സ്ഥാപനങ്ങള്‍ വഴി 120 രാജ്യങ്ങളില്‍ നിന്നുള്ള വാങ്ങുന്നരെ സൗദി വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും സിയാദ് അല്‍ശആര്‍ ചൂണ്ടികാട്ടി.
മേഖലയുടെ സമ്പന്നവും പുരാതനവുമായ പൈതൃകത്തെ പൂരകമാക്കുകയും ലോകോത്തര നിലവാരമുള്ള ആഡംബര ജീവിതം നല്‍കുകയും ചെയ്യുന്ന ഡെസ്റ്റിനേഷന്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് പറഞ്ഞു. ഈ പദ്ധതി സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ആഗോളതലത്തില്‍ അറിയപ്പെടുന്നതുമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി മാറുമെന്നും ദേശീയ സമ്പദ്വ്യവസ്ഥക്ക് മുതല്‍കൂട്ടകുമെന്നും ദാര്‍ അല്‍അര്‍കാന്‍ ചെയര്‍മാന്‍ യൂസഫ് അല്‍ശലാശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.



