റിയാദ് – വാടക ഉയർത്തിയതുമായി ബന്ധപ്പെട്ട് റിയാദിൽ വൻ പരിശോധന. തലസ്ഥാന നഗരയില്‍ അഞ്ചു വര്‍ഷത്തേക്ക് പാര്‍പ്പിട, വാണിജ്യ വാടക ഉയര്‍ത്തുന്നത് വിലക്കുന്ന മന്ത്രിസഭാ തീരുമാനം പരിഗണിക്കാതെ കെട്ടിടങ്ങൾക്ക് വാടക ഉയര്‍ത്തിയ 18 ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി അറിയിച്ചു. വാടക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇരുപതു ദിവസത്തിനിടെ 268 പരാതികള്‍ അതോറിറ്റിക്ക് ലഭിച്ചു. ഇതില്‍ 250 പരാതികളില്‍ രേഖകളുടെ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി. 18 കെട്ടിട ഉടമകള്‍ നിയമം ലംഘിച്ചതായി വ്യക്തമായി.
വാടക ഉയര്‍ത്തല്‍, ഒഴിഞ്ഞുകിടന്ന റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകളുടെ പുതിയ വാടക അവസാന വാടക കരാറിലെ തുകയെക്കാള്‍ ഉയര്‍ത്തല്‍, വാടക കരാറുകള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമം നിര്‍ണയിച്ചതല്ലാത്ത സാഹചര്യങ്ങളില്‍ വാടക കരാര്‍ പുതുക്കാന്‍ വിസമ്മതിക്കല്‍, വാടകക്കാരനെ റിയല്‍ എസ്റ്റേറ്റ് യൂണിറ്റ് ഒഴിയാന്‍ നിര്‍ബന്ധിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കെട്ടിട ഉടമകളുടെ ഭാഗത്ത് കണ്ടെത്തിയത്. നിയമ ലംഘനങ്ങള്‍ നടത്താന്‍ കെട്ടിട ഉമകളെ സഹായിച്ച് ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടിച്ചതായി കണ്ടെത്തിയ പതിനൊന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും. നിയമാനുസൃത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ഇവര്‍ക്കെതിരായ കേസുകള്‍ പ്രത്യേക സമിതിക്ക് കൈമാറി.
റിയാദ് നഗരപരിധിയില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക കരാറുകളില്‍ വാര്‍ഷിക വാടക വര്‍ധനവ് സെപ്റ്റംബര്‍ 25 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്. നിലവിലുള്ള വാടക കരാറുകള്‍ക്കും പുതിയ കരാറുകള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ നേരത്തെ പരസ്പരം സമ്മതിച്ചിട്ടുള്ള വാടക കെട്ടിട ഉടമ വര്‍ധിപ്പിക്കാന്‍ പാടില്ല.
റിയാദ് നഗരപ്രദേശത്ത് നേരത്തെ വാടകക്ക് നല്‍കിയതും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നതുമായ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക തുക അവയുടെ അവസാനത്തെ വാടക തുകക്ക് അനുസൃതമായി സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ മുമ്പ് വാടകക്ക് നല്‍കാത്ത റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള വാടക കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ പരസ്പര ധാരണയിലെത്തുന്നത് പ്രകാരം കണക്കാക്കും. കരാര്‍ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും പുതുക്കാന്‍ വിസമ്മതിക്കുന്നതായി ഒരു കക്ഷി മറ്റേ കക്ഷിയെ അറിയിച്ചില്ലെങ്കില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും വാടക കരാര്‍ സ്വയമേവ പുതുക്കിയതായി കണക്കാക്കപ്പെടും. പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 90 ദിവസമോ അതില്‍ കുറവോ ശേഷിക്കുന്ന കാലാവധി പ്രത്യേകം നിശ്ചയിച്ച കരാറുകള്‍, പുതുക്കാന്‍ ആഗ്രഹിക്കാത്ത കാര്യം അറിയിച്ച് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദിഷ്ട കാലയളവ് അവസാനിച്ച ശേഷം രണ്ട് കക്ഷികളും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാന്‍ സമ്മതിക്കുന്ന കരാറുകള്‍ എന്നിവക്ക് ഈ വ്യവസ്ഥ ബാധകമല്ല.
റിയാദ് നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രോപ്പര്‍ട്ടികളില്‍ വാടകക്കാരന്‍ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ കെട്ടിട വാടക കരാര്‍ പുതുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും വസ്തു ഒഴിയാന്‍ വാടകക്കാരനെ നിര്‍ബന്ധിക്കാനും പാടില്ല. വാടക കൃത്യമായി അടക്കുന്നതില്‍ വാടകക്കാരന്‍ വീഴ്ച വരുത്തല്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് അംഗീകരിച്ച സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം വസ്തുവിന്റെ സുരക്ഷയെയും താമസക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന ഘടനാപരമായ വൈകല്യങ്ങള്‍, തന്റെ സ്വകാര്യ ഉപയോഗത്തിനോ അടുത്ത ബന്ധുവിന്റെ ഉപയോഗത്തിനോ വേണ്ടി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉപയോഗിക്കാനുള്ള ഭൂവുടമയുടെ ആഗ്രഹം എന്നീ മൂന്നു സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല.