റിയാദ് : റയാന്‍ ലാന്റ്‌റേണ്‍ എഫ്.സി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ അല്‍ഖര്‍ജ് റോഡിലെ ഇ സ്‌കാന്‍ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നാളെ(വ്യാഴം) രാത്രി 8 മണി മുതല്‍ ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ അണ്ടര്‍ സെവന്റിന്‍ വിഭാഗത്തില്‍ യൂത്ത് സോക്കര്‍ അക്കാദമി യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയുമായി മല്‍സരിക്കും.
റിഫ(റിയാദ് ഫുട്ബോൾ അസോസിയേഷൻ) യിലെ പ്രമുഖരായ 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ പ്രവാസി എഫ്.സി യൂത്ത് ഇന്ത്യയുമായും രണ്ടാം മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് വാഴക്കാട് എഫ്.സി ഈഗിള്‍ എഫ്.സിയുമായും മൂന്നാം മല്‍സരത്തില്‍ റിയാദ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി അസീസിയ സോക്കറുമായും നാലാം മല്‍സരത്തില്‍ റിയല്‍ കേരള എഫ്.സി റെയിന്‍ബോ എഫ്.സിയുമായും ഏറ്റുമുട്ടും. എട്ടു ടീമുകളിലും സൗദിയിലെ പ്രമുഖ താരങ്ങളാണ് ബൂട്ടുകെട്ടുന്നത്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങള്‍ മുജീബ് ഉപ്പടയുടെ അധ്യക്ഷതയില്‍ റയാന്‍ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റിഫ ഭാരവാഹികളായ ബഷീര്‍ ചേലേമ്പ്ര, സൈഫു കരുളായി, കരീം പയ്യനാട്, നാസര്‍ മാവൂര്‍, ലാന്റ്‌റേണ്‍ എഫ്.സി ഭാരവാഹികളായ ജംഷി ചുള്ളിയോട്, ഫവാസ് എടവണ്ണ, സമീര്‍ മണ്ണാര്‍മല തുടങ്ങിയവര്‍ സംസാരിച്ചു. നാസര്‍ മൂച്ചിക്കാടന്‍ സ്വാഗതവും ഷഹീര്‍ പെരിന്തല്‍മണ്ണ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങുകള്‍ക്ക് യഅ്കൂബ് ഒതായി, ഷാജി അരീക്കോട്, ഹമീദ് എടത്തനാട്ടുകര, മുസ്ബിന്‍ കരുവാരകുണ്ട്, ഇര്‍ഷാദ് മൊല്ല, മന്‍സൂര്‍ അങ്ങാടിപ്പുറം, ആസാദ് വളാഞ്ചേരി, സലീം പാവറട്ടി എന്നിവര്‍ നേതൃത്വം നല്‍കി.