ദമാം – കനത്ത മഴയും മോശം കാലാവസ്ഥയം മൂലം വൈദ്യുതി ശൃംഖലയിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാർ കാരണം കിഴക്കൻ പ്രവിശ്യയില ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. സ്ഥിതിഗതികൾ പരിഹരിക്കാനും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും തീവ്രശ്രമം നടത്തുന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. വൈദ്യുതി മുടങ്ങിയതിൽ ഉപയോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തി. വൈദ്യുതി തടസ്സം ബാധിച്ച 50 ശതമാനത്തിലേറെ വരിക്കാർക്ക് വൈദ്യുതി പുനഃസ്ഥാപിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി പിന്നീട് അറിയിച്ചു. ശേഷിക്കുന്ന വരിക്കാർക്ക് എത്രയും വേഗം സേവനം പുനഃസ്ഥാപിക്കാനായി കമ്പനിയുടെ ഫീൽഡ് ടീമുകൾ പ്രവർത്തനം തുടരുകയാണെന്ന് കമ്പനി കൂട്ടിച്ചേർത്തു.
അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനും സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി, സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് കർശന നിർദേശം നൽകി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് കിഴക്കൻ പ്രവിശ്യയിൽ വൈദ്യുതി മുടങ്ങിയത്. സൗദി ഇലക്ട്രിസിറ്റി കമ്പനി സ്വീകരിക്കുന്ന സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ നടപടികളും തുടർച്ചയായും സൂക്ഷ്മമായും നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷിതവും വിശ്വസനീയവുമായ സേവനം പുനഃസ്ഥാപിക്കുന്നത് ഉറപ്പാക്കാനും തടസ്സങ്ങൾ ആവർത്തിക്കുന്നത് തടയാനും നെറ്റ്വർക്ക് സ്ഥിരത നിലനിർത്താനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.



