റിയാദ് : ഒ.ഐ.സി.സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി മൂന്നാമത് പി.ടി തോമസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. റിയാദ് സബര്‍മതിയില്‍ പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ശുകൂര്‍ ആലുവ ഉദ്ഘാടനം ചെയ്തു.
നാല് തവണ എം.എല്‍.എ ആയ പി.ടി കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി സാന്നിധ്യമായിരുന്നുവെന്ന് സമ്മേളനം അവകാശപ്പെട്ടു. ഏതു വിഷയവും ശക്തമായും വ്യക്തമായും അവതരിപ്പിക്കാനുള്ള അസാമാന്യപാടവം പി.ടി യുടെ പ്രത്യേകതയായിരുന്നു. മയമില്ലാതെ വിമര്‍ശിക്കുമ്പോഴും മാന്യതയുടെ പര്യായം ആയിരുന്നു പി ടി എന്ന് ശുകൂര്‍ ആലുവ അനുസ്മരിച്ചു.
വായനയുടെ ആഴം, കോൺഗ്രസിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസം, എന്നും ജനപക്ഷത്തു നിലക്കാനുള്ള ആര്‍ജവം എന്നിവയായിരുന്നു പി ടി എന്ന നേതാവിന്റെ കരുത്ത്. നിര്‍ഭയമായ ആ ശബ്ദവും പുഞ്ചിരി തെളിയുന്ന ആ മുഖവും കോണ്‍ഗ്രസിന്റെ തീരാ നഷ്ട്ടങ്ങളാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത് പറഞ്ഞു.
മുട്ടില്‍ മരം മുറി കേസ്, നിയമസഭാ കയ്യാങ്കളി കേസ്, പുരാവസ്തു തട്ടിപ്പു കേസ് എന്നിവ നിയമസഭയില്‍ ശക്തമായി ഉന്നയിച്ചത് പി ടി ആയിരുന്നു. യുവ സാമാജികരെക്കാള്‍ ഊര്‍ജസ്വലത പ്രകടിപ്പിച്ച പി ടിക്കു വഴങ്ങാത്തതായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ അനുസ്മരിച്ചു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന പി ടി ക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പ്രവത്തകര്‍ക്കു പി ടി യോടും ഉണ്ടായിരുന്നത് ആത്മബന്ധമായിരുന്നു എന്നും വിലാപയാത്രയില്‍ വിങ്ങിയ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്ന തേങ്ങലുകള്‍ ആ ആത്മബന്ധത്തിന്റെ സാക്ഷ്യപത്രങ്ങളാണെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര പറഞ്ഞു.
ആമുഖ പ്രഭാഷണം ജില്ലാ വര്‍ക്കിംഗ് പ്രെസിഡന്റ്‌റ് അലി ആലുവ നിര്‍വഹിച്ചു. സിദ്ദീക്ക് കല്ലൂപ്പറമ്പന്‍, നൗഷാദ് കറ്റാനം, നൗഷാദ് പാലമേല്‍ തൊടുപുഴ, അമീര്‍ പട്ടണത്ത്, സലാം പെരുമ്പാവൂര്‍, ബിനു തോമസ്, ജിബിന്‍ സമദ്, യഹിയ കൊടുങ്ങല്ലൂര്‍, നാസര്‍ ലൈസ്, സലിം ആര്‍ത്തിയില്‍, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, കെ കെ തോമസ് ,അലക്‌സ് കൊട്ടാരക്കര, ജോണ്‍സണ്‍ മാര്‍ക്കോസ്, ജോജോ ജോര്‍ജ്, അന്‍സായി ഷൗക്കത്ത്, രഘുനാഥ് പറശ്ശിനി കടവ്, ഹരീന്ദ്രന്‍ കണ്ണൂര്‍, കമറുദ്ധീന്‍ ആലപ്പുഴ എന്നിവര്‍ അനുസ്മരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ജാഫര്‍ ഖാന്‍ മുവ്വാറ്റുപുഴ നന്ദിയും പറഞ്ഞു.