ജിദ്ദ – വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ അത്യാധുനിക ആശുപത്രിയില്‍ ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അന്തരിച്ചു. 36 വയസായിരുന്നു. സൗദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്.
അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തതായി അടുത്തിടെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ശതകോടീശ്വരന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരന്റെ ജീവന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് നിലനിര്‍ത്തിയിരുന്നത്. 2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്.
2025 ഏപ്രില്‍ 18 ന് 36 വയസ്സ് തികഞ്ഞ അല്‍വലീദ് രാജകുമാരന്‍ ഇത്തവണത്തെ ജന്മദിനത്തിന് ശേഷം ബോധം വീണ്ടെടുത്തതായും കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തതായും വ്യാജമായി അവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. രാജകുമാരന്റെ ഫോട്ടോയും ആശുപത്രിയില്‍ കഴിയുന്ന ഒരാളെ ബന്ധുക്കള്‍ സ്വാഗതം ചെയ്യുന്ന വീഡിയോ ക്ലിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഫോട്ടോയില്‍ അല്‍വലീദ് രാജകുമാരനെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും വീഡിയോ ഫൂട്ടേജ് വ്യാജമായിരുന്നു. ഈ വര്‍ഷം ആദ്യം ബാജ ജോര്‍ദാന്‍ റാലിക്കിടെ ഉണ്ടായ അപടത്തില്‍ പരിക്കേറ്റ പ്രമുഖ സൗദി വ്യവസായിയും മോട്ടോര്‍സ്‌പോര്‍ട്ട് ചാമ്പ്യനുമായ യസീദ് മുഹമ്മദ് അല്‍റാജ്ഹി സുഖം പ്രാപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോ ക്ലിപ്പില്‍ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നത്.
2015 ല്‍ ഡോക്ടര്‍മാര്‍ അല്‍വലീദ് രാജകുമാരന്റെ കുടുംബത്തോട് ലൈഫ് സപ്പോര്‍ട്ട് നിര്‍ത്തലാക്കുന്നത് പരിഗണിക്കാന്‍ ഉപദേശിച്ചു. പക്ഷേ, ദൈവീക ഇടപെടലില്‍ വിശ്വാസം പുലര്‍ത്തി പിതാവ് അത് നിരസിച്ചു. അപകടത്തില്‍ മരിക്കണമെന്ന് അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കില്‍ മകന്‍ ഇപ്പോള്‍ ഖബറില്‍ ആയിരിക്കുമായിരുന്നു – ഖാലിദ് രാജകുമാരന്‍ അന്ന് പറഞ്ഞു.
2019 ല്‍ ഒരു ഉത്തേജനത്തിന് മറുപടിയായി അല്‍വലീദ് രാജകുമാരന്‍ വിരലുകള്‍ ഉയര്‍ത്തുകയോ തല ചെറുതായി ചലിപ്പിക്കുകയോ ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നു. അതിനുശേഷം കൂടുതല്‍ വൈദ്യശാസ്ത്ര പുരോഗതി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
നിരന്തരമായ വൈദ്യ പരിചരണത്തില്‍ കഴിഞ്ഞിരുന്ന അല്‍വലീദ് രാജകുമാരന് ഫീഡിംഗ് ട്യൂബ് വഴിയാണ് പോഷകാഹാരം നല്‍കിയിരുന്നത്. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, എക്സിലെ അഭ്യുദയകാംക്ഷികള്‍ അല്‍വലീദ് രാജകുമാരന്‍ സുഖം പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ആധുനിക സൗദി അറേബ്യയുടെ ശില്‍പിയായ അബ്ദുല്‍ അസീസ് രാജാവിന്റെ കൊച്ചുമകനായ അല്‍വലീദ് രാജകുമാരന്‍ മിഡില്‍ ഈസ്റ്റിലെ ദീര്‍ഘകാലം കോമയിലായവരിലൊരാളാണ്.