മക്ക – ലോകത്തെ 160 കോടിയിലേറെ മുസ്‌ലിംകള്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും രാപകലുകളിലുള്ള ഐച്ഛിക നമസ്‌കാരങ്ങള്‍ക്കും മുഖം തിരിഞ്ഞുനില്‍ക്കുന്ന വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് പൂര്‍ത്തിയാക്കി. മുഹറം ഒന്നിന് (നാളെ) പുലര്‍ച്ചെ കഅബാലയത്തെ പുതിയ പുതിയ പുടവ അണിയിക്കും. കിസ്‌വ മാറ്റ ചടങ്ങില്‍ 154 വിദഗ്ധര്‍ പങ്കെടുക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ കഅ്‌ലായത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവരായ അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബിക്ക് ഈ മാസം എട്ടിന് ഔപചാരികമായി പുതിയ കിസ്‌വ കൈമാറിയിരുന്നു.
ഹറംകാര്യ വകുപ്പിനു കീഴില്‍ ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സിലാണ് പ്രകൃതിദത്തമായ പട്ടുനൂലും 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ച് കിസ്‌വ നിര്‍മിക്കുന്നത്. 14 മീറ്റര്‍ ഉയരമുള്ള കിസ്‌വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. കിസ്‌വ നാലു കഷ്ണങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്‍ട്ടന്‍ ആണ്. കിസ്‌വ നിര്‍മാണത്തില്‍ 200 ലേറെ സൗദി ജീവനക്കാര്‍ പങ്കാളിത്തം വഹിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ദുല്‍ഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. 2022 മുതല്‍ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു.
വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ പതിവു പോലെ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയത്. ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുമുണ്ട്. കടുത്ത തിരക്കിനിടെ ഹജ് തീര്‍ഥാടകര്‍ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഹജ് കാലത്ത് കിസ്‌വ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹജ് സീസണ്‍ അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടും. പ്രത്യേക വൈദഗ്ധ്യം നേടിയ ഊര്‍ജസ്വലരായ സൗദികളാണ് പട്ടുനൂലും സ്വര്‍ണ, വെള്ളി നൂലുകളും ഉപയോഗിച്ച് കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ കിസ്വ നെയ്‌തെടുക്കുന്നത്.
ഡിസൈന്‍, അലങ്കാരം, അറബിക് കാലിഗ്രാഫി എന്നിവയുടെ കലകളെയും, നെയ്ത്തും എംബ്രോയിഡറിയും അടങ്ങിയ മികച്ച കരകൗശല വൈദഗ്ധ്യത്തെയും കിസ്‌വ സംയോജിപ്പിക്കുന്നു. കിസ്വയിലെ ഖുര്‍ആന്‍ വാക്യങ്ങള്‍ ജലി തുലുത്ത് ലിപിയിലാണ് എഴുതുന്നത്. വഴക്കവും സ്ഥിരതയും പ്രകടിപ്പിക്കുന്ന ഈ ലിപി വിവിധ വലുപ്പങ്ങളിലും ആകൃതികളിലും അക്ഷരങ്ങളുടെ ഭംഗി എടുത്തുകാണിക്കാന്‍ അനുവദിക്കുന്നു. കഅബയുടെ ഗാംഭീര്യത്തിന് അനുയോജ്യമായ അസാധാരണ രൂപം നല്‍കാന്‍ കിസ്വയുടെ മനോഹരമായ രൂപകല്‍പനക്കായി ശ്രദ്ധാപൂര്‍വമാണ് ഈ ലിപി തെരഞ്ഞെടുത്തിരിക്കുന്നത്.
പാറ്റേണ്‍ ചെയ്ത കറുത്ത പ്ലെയിന്‍ സില്‍ക്ക്, പച്ച, ചുവപ്പ് സില്‍ക്ക്, ലൈനിംഗിനായി വെള്ളയും ക്രീമും കോട്ടണ്‍ എന്നിവ അടക്കം ഏഴ് വ്യത്യസ്ത തരം ആഡംബര തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് കിസ്വ നെയ്യുന്നത്. കിസ്‌വ നിര്‍മാണ പ്രക്രിയയില്‍ സൂക്ഷ്മമായ കരകൗശല ഘട്ടങ്ങളുടെ പരമ്പര അടങ്ങിയിരിക്കുന്നു. പട്ടുനൂലുകള്‍ കഴുകാനും ചായം പൂശാനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉപ്പ് നീക്കം ചെയ്യുന്നതില്‍ നിന്ന് ഇത് ആരംഭിക്കുന്നു. ഈ പ്രക്രിയ പിന്നീട് നെയ്ത്ത്, അച്ചടി ഘട്ടങ്ങളിലേക്ക് നീങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണം, വെള്ളി നൂലുകള്‍ ഉപയോഗിച്ച് വാക്യങ്ങളുടെ സൂക്ഷ്മമായ എംബ്രോയ്ഡറി ചെയ്യുന്നു. അവസാനം ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഗുണനിലവാര പരിശോധനകള്‍ക്കും അന്തിമ പരിശോധനക്കും വിധേയമാക്കുന്നു. കിസ്‌വ എന്നത് വര്‍ഷം തോറും മാറ്റിസ്ഥാപിക്കുന്ന ഒരു പുടവ മാത്രമല്ല. ഇത് ലോക മുസ്‌ലിംകള്‍ക്ക് കഅബാലയവുമായുള്ള ആത്മീയ ബന്ധത്തിന്റെ പ്രതീകമാണ്.