റിയാദ്:- കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വർഷങ്ങളായി നടത്തിവരുന്ന സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍ സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് തുടക്കമായി. കേരളത്തെയും പ്രവാസലോകത്തെയും പ്രതീകമാക്കി മണ്ണും മണലും എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ നാഷനൽ സാഹിത്യോത്സവ് അരങ്ങേറുന്നത്.
സൗദിയിലടക്കം വിവിധ ഭൂഖണ്ഡങ്ങളിലായി 19 രാജ്യങ്ങളില്‍ പ്രവാസി സാഹിത്യോത്സവം നടക്കുന്നുണ്ട്. പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയെയും ആവിഷ്‌കാരങ്ങളെയും കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വലിയ വേദിയായാണ് സാഹിത്യോത്സവം.
സൗദി ഈസ്റ്റിൽ ഇരുന്നൂറോളം യൂണിറ്റുകളിൽ നിന്നും അൻപതോളം സെക്ടറുകളിൽ നിന്നും പതിനൊന്ന് സോണുകളിൽ നിന്നും മൽസരിച്ച് ഒന്നാം സ്ഥാനക്കാരായ പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. ഹായിലിൽ ബൈറുത്തിലെ ഖസർലയാലി ഓഡിറ്റോറിയത്തിൽ പത്ത് വേദികളിലായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലായി 60ലധികം ഇനങ്ങളിൽ അഞ്ഞുറിലധികം മത്സരാർത്ഥികൾ ഭാഗമാകും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും സമാപന ചടങ്ങിലും പ്രമുഖ വക്ത്വിത്വങ്ങൾ പങ്കെടുക്കും.