റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട വാദി ഗൈലാനയില്‍ ഒഴുക്കില്‍ പെട്ട് മറിഞ്ഞ പിക്കപ്പിന്റെ ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സ്വന്തം ജീവനും ഒപ്പമുള്ള മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി, മലവെള്ളപ്പാച്ചില്‍ അവഗണിച്ച് താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്റെ കാര്‍ ഒഴുക്കില്‍ പെട്ട് മറിഞ്ഞത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാണ് ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചത്. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് പതിനായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.



