ജിദ്ദ- ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പേരന്റിംഗ് ആണെന്നും നന്നായി പഠിച്ചിട്ട് ചെയ്യേണ്ടതാണെന്നും പ്രമുഖകൗൺസിലറും ഐ.എസ്.എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അലി അക്ബർ ഇരിവേറ്റി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ മദ്രസ്സയിലെ രക്ഷിതാക്കൾക്ക് നടത്തിയ ‘ന്യൂജൻ പേരന്റിംഗ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടി ഏറ്റവുമധികം കാര്യങ്ങൾ ഗ്രഹിക്കുന്നത് മാതാവിന്റെ ഗർഭാശയത്തിലാകുമ്പോഴാണ്. കുട്ടികളെ വളർത്തുകയെന്നത് ഒരു ചെടി വിത്തിട്ട് വളർത്തുന്നത് പോലെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണ്. ചെറുപ്പത്തിൽ കുട്ടികൾക്ക് വേണ്ടി നമ്മുടെ സമയം മാറ്റിവെച്ചാലേ ഭാവിയിൽ അവരുടെ മനസ്സിൽ നമുക്ക് സ്ഥാനമുണ്ടാകൂ. ഏഴ് വർഷം അവരോടൊപ്പം കളിക്കുകയും തുടർന്നുള്ള 7 വർഷം അവരെ സാമൂഹ്യമര്യാദകൾ പഠിപ്പിക്കുകയും അടുത്ത 7 വർഷം അവരുടെ നല്ല കൂട്ടുകാരാവുകയും ചെയ്‌താൽ പിന്നീട് വലിയ കുഴപ്പമുണ്ടാകില്ല. സ്കൂളിലും മദ്രസ്സയിലുമൊക്കെ നല്ലത് പഠിച്ചാലും ഒരു കുട്ടി നന്നാകാൻ വീട്ടിലെ അന്തരീക്ഷം കൂടി നന്നാകണം. മക്കൾ നന്നാകാനുള്ള എളുപ്പവഴി നമ്മൾ നന്നാവുകയും അവർക്കൊരു റോൾ മോഡൽ ആവുകയുമാണ്.
ആധുനിക സൈക്കോളജി മുന്നോട്ടു വെക്കുന്ന ‘പോസിറ്റീവ് പേരെന്റിംഗ്’, ‘എഫക്റ്റീവ് പേരെന്റിംഗ്’ തുടങ്ങിയ തലങ്ങളിൽ ഉൾപ്പെടുന്നവയെല്ലാം ഖുർആനിലും പ്രവാചക വചനങ്ങളിലുമെല്ലാം പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. ഏറെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും പ്രവാചകൻ കുട്ടികളോടൊപ്പം കളിക്കാൻ സമയം കണ്ടെത്തിയിരുന്നു. ഇന്നത്തെ ന്യൂജൻ കുട്ടികളോട് നല്ല രീതിയിലായിരിക്കണം സംഭാഷണങ്ങൾ നടത്തേണ്ടത്.
അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണ്ണത തുടങ്ങിയവ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനൊക്കെ പരിഹാരം കണ്ടു വേണം നാം മുന്നോട്ടു പോകാൻ.നമ്മളെകൊണ്ട് പ്രവർത്തിക്കാൻ കഴിയുന്നതൊക്കെ ചെയ്യുകയും അതോടൊപ്പം പ്രാർത്ഥിക്കുകയും വേണം. പ്രാർത്ഥനയും പ്രവർത്തിയും എല്ലാ കാര്യത്തിലും അനിവാര്യാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാടെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. പിന്നീട് റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ സംഘടിപ്പിക്കാറുള്ള ‘ലേൺ ദ ഖുർആൻ’ ഫൈനൽ പരീക്ഷയിൽ കഴിഞ്ഞ വർഷം ജിദ്ദയിൽ നിന്ന് ജേതാക്കളായ നിഷ അബ്ദുറസാഖ് (ഫസ്റ്റ്), ലുബ്‌ന സി ടി, ഹസീന അറക്കൽ (സെക്കന്റ് ) എന്നിവർക്കുള്ള സമ്മാനങ്ങളും വേദിയിൽ അലി അക്ബർ ഇരിവേറ്റി വിതരണം ചെയ്തു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.