ദുബൈ– 2024 ൽ ഹജ്ജും ഉംറയും നിർവഹിക്കാൻ സൗദി അറേബ്യയിൽ എത്തിയത് 18.5 ദശലക്ഷം തീർഥാടകരെന്ന് റിപ്പോർട്ട്. ഡോയോഫ് അൽ റഹ്മാൻ പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 16.92 ദശലക്ഷം തീർഥാടകരാണ് ഉംറ നിർവഹിക്കാനായി എത്തിയത്. 2022 നെ അപേക്ഷിച്ച് 101 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്.
മികച്ച സേവനവും കാര്യക്ഷമമായ നടപടിക്രമങ്ങളുമാണ് വിശ്വാസികളുടെ തീർത്ഥാടന അനുഭവം സുഗമമാക്കിയതെന്ന് അധികൃതർ പറഞ്ഞു. ഒരു റിലീജിയസ് ടൂറിസം ഹബ്ബ് എന്ന നിലയിൽ സൗദി അറേബ്യയുടെ വളർച്ചയെയും ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ മക്ക ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും ആഗോള ടൂറിസം പ്രകടന സൂചികയിൽ മദീന ഏഴാം സ്ഥാനത്തുമാണ്.
പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ഡോയോഫ് അൽ റഹ്മാൻ പ്രോഗ്രാം പദ്ധതിയിടുന്നത്.