മദീന: ഊദ്, ചന്ദന കൃഷി പരിപോഷിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. മദീന മേഖലയിലുടനീളം ഊദ്, ചന്ദന മരങ്ങളുടെ കൃഷി പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയേയും പാരിസ്ഥിതിക സുസ്ഥിരതയേയും സസ്യജാലങ്ങളേയും പരിപോഷിപ്പിക്കുന്നതില്‍ ഈ പദ്ധതിക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് പ്രിന്‍സ് സല്‍മാന്‍ പറഞ്ഞു.
ചന്ദനം, കോഫി, ഊദ് പോലുള്ള പാരിസ്ഥിതികമായും സാമ്പത്തികമായും മൂല്യമുള്ള സസ്യ വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകാനും ജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സൗദിയുടെ ഹരിത പദ്ധതിയായ ഗ്രീന്‍ ഇനീഷ്യേറ്റീവും വിഷന്‍ 2030ഉം വിഭാവനം ചെയ്യുന്ന പാരിസ്ഥിതിക ലക്ഷ്യങ്ങളുമായും ഈ പദ്ധതി ചേര്‍ന്നു നില്‍ക്കുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2021 മാര്‍ച്ചില്‍ തുടക്കം കുറിച്ച ഗ്രീന്‍ ഇനീഷ്യേറ്റീവ്, 2030ഓടെ 45 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും 80 ലക്ഷം ഹെക്ടര്‍ ഉപയോഗ്യശൂന്യമായ ഭൂമി വീണ്ടെടുക്കാനും അതു വഴി പ്രതിവര്‍ഷം 20 കോടി ടണ്‍ കാര്‍ബണ്‍ മാലിന്യം പുറന്തള്ളല്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്.