ദമാം – കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ ഹുഫൂഫില്‍ അല്‍ഖത്താന്‍ കുടുംബ സദസ്സില്‍ മയക്കുമരുന്ന് അടിമയായ സൗദി യുവാവ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് ലഹരിയില്‍, അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തോക്കുമായി കുടുംബ സദസ്സില്‍ പ്രവേശിച്ച പ്രതി ചടങ്ങില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ സൗദി പൗരന്‍ തല്‍ക്ഷണം മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാ സൈനികര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കാനും നിയമാനുസൃത നടപടികള്‍ക്കുമായി പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വീട്ടില്‍ കയറി സൗദി പൗരനെ കുത്തിപ്പരിക്കേല്‍പിച്ച സൗദി യുവാവ് പിന്നീട് സമീപത്തെ മറ്റൊരു സ്ഥലത്തെത്തി വേറൊരു സൗദി പൗരനെ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. മുന്‍ വൈരാഗ്യമാണ് പ്രതിയെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. പ്രതി നടത്തിയ ആക്രമണത്തില്‍ മറ്റൊരു പ്രവാസിക്ക് പരിക്കേറ്റതായും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.