ജിസാൻ– റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിനിയായ നഴ്‌സ് അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മരിച്ചു. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗറിൽ അരുൾ ദോസ് മോഹനൻറെ ഭാര്യ ബ്യൂള അരുൾ ദോസാണ് (47) മരിച്ചത്. ജിസാൻ അൽഅഹദിനു സമീപമുള്ള ഖോബ മിലിട്ടറി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഈ മാസം പത്തിന് രാത്രി ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതമായി പരിക്കേറ്റ ബ്യൂളയെ പട്രോൾ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 12 ദിവസമായി അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലായിരുന്ന ബ്യൂള ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ 21 വർഷമായി ജിസാനിൽ സൗദി ആരോഗ്യ മന്ത്രാലയത്തിൻറെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അരുൾ ദോസ് മോഹൻ അരാമെക്‌സ് ജിസാൻ അൽഅഹദ് ശാഖയിലെ ജീവനക്കാരനാണ്. ഭർത്താവും കുടുംബവുമൊത്ത് ജിസാനിലെ അൽ അഹദിൽ താമസിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഇരുവരും അവധികഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത്. മക്കളായ പ്രൈസി അരുൾ, പോൾ മോസസ് എന്നിവർ ഇപ്പോൾ ചെന്നൈയിൽ വിദ്യാർത്ഥികളാണ്. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭർത്താവ് അരുൾ ദോസ് പറഞ്ഞു.



