ജിദ്ദ – സൗദിയില്‍ മസ്ജിദുകളില്‍ നമസ്‌കാരങ്ങള്‍ക്കിടെ ഇമാമുമാരെയും വിശ്വാസികളെയും വീഡിയോയില്‍ പകര്‍ത്തുന്നത് നിരോധിച്ചതായും തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്‌ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. നമസ്‌കാരത്തില്‍ ആത്മാര്‍ഥത കാത്തുസൂക്ഷിക്കാനും കാപട്യത്തിലേക്കോ പ്രശംസ തേടുന്നതിലേക്കോ നയിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളും തടയാനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക നിര്‍ദേശങ്ങളുടെ ഭാഗമായാണിതെന്ന് മന്ത്രി പറഞ്ഞു. വിശുദ്ധ റമദാനു മുന്നോടിയായി പള്ളികള്‍ സജ്ജീകരിക്കാനും വിശ്വാസികളെ സേവിക്കാനും ഇഫ്താര്‍ സംഘടിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മസ്ജിദുകളില്‍ നിരീക്ഷണ കാമ്പെയ്നുകള്‍ നടത്തും. റമദാനില്‍ ഇമാമുമാരും മുഅദ്ദിനുകളും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും തങ്ങളുടെ കടമകള്‍ മുടങ്ങാതെ നിര്‍വഹിക്കുകയും ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച് ബാങ്ക് വിളി സമയങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. പ്രത്യേകം നിര്‍ണയിച്ചതു പ്രകാരമുള്ള ബാങ്ക് വിളി സമയം നേരത്തെയാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രി കൂട്ടിചേർത്തു.
അംഗീകൃത കലണ്ടര്‍ അനുസരിച്ചാണ് ബാങ്ക് വിളി, നമസ്‌കാര സമയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. യാതൊരു വ്യതിയാനവും കൂടാതെ അത് കണിശമായി പാലിക്കണം. ഇക്കാര്യത്തിലുള്ള നിയമ ലംഘനങ്ങളില്‍ ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ല. ഫജ്ര്‍, ഇശാ നമസ്‌കാരങ്ങളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ സമയം 15 മിനിറ്റ് ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കാനും അവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുമാണിത്. തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങളില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും മടുപ്പിക്കുന്നതും ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മസ്ജിദുകളിലെ ക്യാമറകളുടെ ഉപയോഗത്തില്‍, അവയുടെ ഇന്‍സ്റ്റാളേഷനെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടത് പ്രധാനമാണ്. നമസ്‌കാരത്തിനിടെ ഇമാമിനെയോ വിശ്വാസികളെയോ ചിത്രീകരിക്കാനോ പള്ളിക്ക് പുറത്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനോ അവ ഉപയോഗിക്കാന്‍ പാടില്ല. ആരാധനകള്‍ രേഖപ്പെടുത്താനോ പരസ്യപ്പെടുത്താനോ അല്ല, മറിച്ച്, സുരക്ഷാ, സംഘാടന നിരീക്ഷണത്തിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍വ്വശക്തനായ ദൈവത്തിന് വേണ്ടി മാത്രം തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാന്‍ ഇമാമുമാര്‍ പ്രതിജ്ഞാബദ്ധരാണ്. ആരാധനയുടെ ആത്മാര്‍ഥതയും നിയമാനുസൃത ലക്ഷ്യങ്ങളും ലംഘിക്കാനും കാപട്യത്തിനും വഴി തുറക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.



