ജിദ്ദ – സൗദി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഉമര്‍ ബിന്‍ യൂനുസ് യാഗി രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി രാജ്യത്തിനും അറബ്, മുസ്‌ലിം ലോകത്തിനുമാകെ അഭിമാനമായി. രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഇന്നാണ് പ്രഖ്യാപിച്ചത്. സൗദി ശാസ്ത്രജ്ഞനായ ഉമര്‍ ബിന്‍ യൂനുസ് യാഗി, ജാപ്പനീസ് ശാസ്ത്രജ്ഞനായ സുസുമു കിറ്റഗാവ, ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് റോബ്സണ്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ലോഹ-ജൈവ ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നതില്‍ നടത്തിയ മുന്‍നിര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് മൂവരെയും അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ലോഹ, ജൈവ മൂലകങ്ങളെ സൂക്ഷ്മവും ഉയര്‍ന്ന സുഷിരങ്ങളുള്ളതുമായ ഘടനകളായി സംയോജിപ്പിക്കുന്ന വിപ്ലവകരമായ വസ്തുക്കളാണിവ. ഈ ലോഹ-ജൈവ ചട്ടക്കൂടുകളുടെ കണ്ടെത്തല്‍ വ്യാവസായികവും ശാസ്ത്രീയവുമായ പ്രയോഗങ്ങള്‍ക്കായി വിശാലമായ ചക്രവാളങ്ങള്‍ തുറന്നതായും മെറ്റീരിയല്‍ സയന്‍സിലും സിന്തറ്റിക് കെമിസ്ട്രിയിലും ഗുണപരമായ മാറ്റത്തിന് കാരണമായതായും അക്കാദമി വ്യക്തമാക്കി.
ശാസ്ത്ര മേഖലയിലെ അറബ് ശാസ്ത്രജ്ഞരുടെ റെക്കോര്‍ഡിലെ പുതിയ നേട്ടമാണ് ഉമര്‍ യാഗിക്ക് ലഭിച്ച നൊബേല്‍ സമ്മാനം. തന്റെ ഗവേഷണങ്ങളിലൂടെ, വരണ്ട പ്രദേശങ്ങളിലല്‍ വായുവില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാനും മലിനീകരണ വസ്തുക്കളില്‍ നിന്ന് വെള്ളം ശുദ്ധീകരിക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കാനും ഹൈഡ്രജന്‍ സംഭരിക്കാനും കഴിവുള്ള വസ്തുക്കളുടെ വികസനത്തിന് ഉമര്‍ യാഗി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സുസ്ഥിര ഊര്‍ജത്തിന്റെയും ആധുനിക പാരിസ്ഥിതിക സാങ്കേതികവിദ്യകളുടെയും മേഖലകളില്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.
മെറ്റീരിയല്‍ സയന്‍സില്‍ വിപ്ലവം സൃഷ്ടിക്കുകയും ശുദ്ധമായ ഊര്‍ജം, ജലം, പരിസ്ഥിതി എന്നിവയിലെ പ്രയോഗങ്ങള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്ത നെറ്റ്വര്‍ക്ക് കെമിസ്ട്രി സ്ഥാപിക്കാനും ലോഹ-ജൈവ ചട്ടക്കൂടുകളുടെയും കോവാലന്റ് ഓര്‍ഗാനിക് ചട്ടക്കൂടുകളുടെയും വികസനത്തിനും നല്‍കിയ മുന്‍നിര സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പ്രൊഫ. ഉമര്‍ യാഗിക്ക് നോബല്‍ സമ്മാനം ലഭിച്ചത്. പ്രൊഫസര്‍ യാഗി നെറ്റ്വര്‍ക്ക് കെമിസ്ട്രി മേഖലയിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളാണ്. 300 ലേറെ ശാസ്ത്രീയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ക്ക് 2,50,000 ലേറെ ശാസ്ത്രീയ അവലംബങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ആഗോള കമ്പനികളുടെ സ്ഥാപനത്തിനും ക്ലീന്‍ എനര്‍ജി, മെറ്റീരിയല്‍ സയന്‍സ് മേഖലകളില്‍ നിരവധി ശാസ്ത്രീയ സംരംഭങ്ങള്‍ ആരംഭിക്കാനും പ്രൊഫ. ഉമര്‍ യാഗി സംഭാവന നല്‍കിയിട്ടുണ്ട്.
കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വേള്‍ഡ് അവാര്‍ഡ് ഓഫ് സയന്‍സ്, വുള്‍ഫ് പ്രൈസ് ഇന്‍ കെമിസ്ട്രി, എനി എനര്‍ജി എക്‌സലന്‍സ് അവാര്‍ഡ്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസില്‍ നിന്നുള്ള ഗ്രിഗറി അമിനോഫ് പ്രൈസ്, ഫിന്‍ഫ്യൂച്ചര്‍ പ്രൈസ് ഫോര്‍ എമര്‍ജിംഗ് സയന്‍സസ് ആന്റ് ടെക്‌നോളജീസ്, ഏണസ്റ്റ് സോള്‍വേ പ്രൈസ്, അറബ് ജീനിയസ് അവാര്‍ഡ് എന്നിവ അടക്കം നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേരത്തെ ഉമര്‍ യാഗിയെ തേടിയെത്തിയിരുന്നു.
2016 ല്‍ മലേഷ്യയിലെ പുത്ര സര്‍വകലാശാലയില്‍ സുസ്ഥിര മെറ്റീരിയല്‍സ് ഫൗണ്ടേഷന്‍ സഹസ്ഥാപകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2018 ല്‍ മലേഷ്യയിലെ പുത്ര സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2020 ല്‍ യു.എസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നെറ്റ്വര്‍ക്ക് കെമിസ്ട്രി, നാനോ മെറ്റീരിയലുകള്‍ എന്നീ മേഖലകളിലെ മികച്ച ശാസ്ത്രീയ ശ്രമങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായും പ്രൊഫസര്‍ ഉമര്‍ യാഗിക്ക് സൗദി പൗരത്വം ലഭിക്കുകയായിരുന്നു.
രാജ്യത്ത് സാമ്പത്തിക, സാങ്കേതിക, ശാസ്ത്രീയ വികസനം കൈവരിക്കാനും നവീകരണം വളര്‍ത്താനും സഹായിക്കുന്ന വൈദഗ്ധ്യവും സ്‌പെഷ്യലൈസേഷനും ഉള്ള വിശിഷ്ട പ്രതിഭകളെ ആകര്‍ഷിക്കാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ചേര്‍ന്ന് സ്ഥാപിച്ച സംയുക്ത സംരംഭമായ ക്ലീന്‍ എനര്‍ജി ആപ്ലിക്കേഷനുകള്‍ക്കായുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ നാനോ മെറ്റീരിയല്‍സ് ഡയറക്ടറാണ് പ്രൊഫസര്‍ ഉമര്‍ യാഗി.
കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്റിന്റെ ഉപദേഷ്ടാവും ഗവേഷണ, വികസന, ഇന്നൊവേഷന്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് അദ്ദേഹം.പ്രൊഫസര്‍ ഉമര്‍ യാഗിയുടെ നോബല്‍ സമ്മാന വിജയം, ശാസ്ത്രം, വിജ്ഞാനം, നവീകരണം എന്നിവയുടെ ആഗോള കേന്ദ്രമായി സൗദി അറേബ്യയെ സ്ഥാപിക്കാനുള്ള സൗദി ഭരണാധികാരികളുടെ ദര്‍ശനത്തെ ഉള്‍ക്കൊള്ളുന്നതായി കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്റ് ഡോ. മുനീര്‍ ബിന്‍ മഹ്മൂദ് അല്‍ദസൂഖി പറഞ്ഞു.
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ അറബ് ശാസ്ത്രജ്ഞന്‍ ഈജിപ്തുകാരനായ അഹ്മദ് സവൈല്‍ ആണ്. 1999 ല്‍ ആണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്. ഫെംറ്റോകെമിസ്ട്രിയിലെ ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രാസപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനം സാധ്യമാക്കുകയും ആറ്റങ്ങളുടെയും തന്മാത്രകളുടെയും ചലനത്തെ കുറിച്ചുള്ള ധാരണയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച അഹ്മദ് സവൈല്‍ നവീകരണത്തിനും നൂതന ഗവേഷണത്തിനും പിന്തുണ നല്‍കാനായി ഈജിപ്തില്‍ സവൈല്‍ സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപിച്ചു.