ഒന്നര മാസത്തിനിടെ റൗദ സന്ദര്‍ശിച്ചത് 14 ലക്ഷം പേര്‍
മദീന – ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ഒന്നര മാസക്കാലത്ത് 14,03,640 പേര്‍ പ്രവാചക മസ്ജിദിലെ റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തി നമസ്‌കാരം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇതില്‍ 7,62,101 പേര്‍ പുരുഷന്മാരും 6,41,539 പേര്‍ വനിതകളുമാണ്.
മസ്ജിദുന്നബവിയില്‍ റൗദ ശരീഫ് സന്ദര്‍ശനത്തിനു മാത്രമാണ് മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടത്. പ്രവാചക പള്ളിയില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലാനും പെര്‍മിറ്റ് ആവശ്യമില്ല.
റൗദ ശരീഫിന്റെ വിസ്തൃതി 330 ചതുരശ്രമീറ്ററാണ്. ഓരോ സന്ദര്‍ശകനും ശരാശരി പത്തു മിനിറ്റ് തോതില്‍ കണക്കാക്കിയാല്‍ മണിക്കൂറില്‍ 800 പേരെ ഉള്‍ക്കൊള്ളാനാണ് റൗദക്ക് ശേഷിയുള്ളത്.
നാലു ഘട്ടങ്ങളായാണ് വിശ്വാസികളെ സംഘങ്ങളായി റൗദ ശരീഫിലേക്ക് ആനയിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ നുസുക്, തവക്കല്‍നാ ആപ്പുകള്‍ വഴി റൗദ ശരീഫ് സന്ദര്‍ശനത്തിന് ബുക്കിംഗ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഓരോ തീര്‍ഥാടകന്റെയും മൊബൈല്‍ ഫോണില്‍ ലഭിച്ച പെര്‍മിറ്റ് ക്യു.ആര്‍ കോഡ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴി റീഡ് ചെയ്യും. ഇതിനു ശേഷം സന്ദര്‍ശകരെ മസ്ജിദുന്നബവിക്കകത്തെ കാത്തിരിപ്പ് പ്രദേശങ്ങളിലേക്ക് നയിക്കും. ഇവിടെ നിന്നാണ് സന്ദര്‍ശകരെ റൗദ ശരീഫിലേക്ക് ആനയിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.