ജിദ്ദ – വിദേശ മന്ത്രാലയത്തില്‍ ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്കി. ഇത് വിസ സേവനങ്ങള്‍ക്കായുള്ള രാജ്യത്തിന്റെ ഔദ്യോഗിക ദേശീയ പ്ലാറ്റ്ഫോമായിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷത ജിദ്ദയില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കാന്‍ അംഗീകാരം നല്‍കിയത്. നയതന്ത്ര, സേവന, പ്രത്യേക പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍ക്ക് വിസ ആവശ്യകതകളില്‍ നിന്ന് പരസ്പര ഇളവ് നല്‍കുന്നത് സംബന്ധിച്ച് സൗദി അറേബ്യയും ഹംഗറി, കസാക്കിസ്ഥാന്‍, പോളണ്ട് സര്‍ക്കാരുകളും തമ്മില്‍ ഒപ്പുവെച്ച കരാറുകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്കി.
സൗദി ഗവണ്മെന്റും സിംഗപ്പൂര്‍ സര്‍ക്കാരും തമ്മില്‍ സാമൂഹിക വികസന മേഖലാ സഹകരണം സംബന്ധിച്ച് നേരത്തെ ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. ആണവ, റേഡിയോളജിക്കല്‍ നിയന്ത്രണ മേഖലകളില്‍ വിവരങ്ങള്‍ കൈമാറാനായി സൗദിയിലെ ന്യൂക്ലിയര്‍ ആന്റ് റേഡിയോളജിക്കല്‍ റെഗുലേറ്ററി കമ്മീഷനും കനേഡിയന്‍ ന്യൂക്ലിയര്‍ സേഫ്റ്റി കമ്മീഷനും തമ്മില്‍ കരട് ധാരണാപത്രം ഒപ്പുവെക്കാന്‍ ന്യൂക്ലിയര്‍ ആന്റ് റേഡിയോളജിക്കല്‍ റെഗുലേറ്ററി കമ്മീഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെ മന്ത്രിസഭ ചുമതലപ്പെടുത്തി.



