ജിദ്ദ: സൗദി അറേബ്യയിൽ വാഹന വർക്ക്‌ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി പുതിയ വ്യവസ്ഥകൾക്ക് നഗരസഭാ, ഭവനകാര്യ മന്ത്രാലയം അംഗീകാരം നൽകി. വാഹന റിപ്പയർ ഷോപ്പുകൾ, ടയർ, ബാറ്ററി മാറ്റിസ്ഥാപിക്കൽ കേന്ദ്രങ്ങൾ, വെഹിക്കിൾ കെയർ ഷോപ്പുകൾ എന്നിവയെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഓരോ വിഭാഗത്തിനും അതിന്റെ പ്രവർത്തന സ്വഭാവത്തിന് അനുസൃതമായ പ്രത്യേക വ്യവസ്ഥകൾ ബാധകമാണ്.
വർക്ക്‌ഷോപ്പ് വിഭാഗങ്ങൾ:
- കാറ്റഗറി എ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സിസ്റ്റങ്ങൾ, ബോഡി വർക്ക്, തുരുമ്പ് പരിഹാരം എന്നിവ ഉൾപ്പെടെ സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തുന്ന ഷോപ്പുകൾ.
- കാറ്റഗറി ബി: മെക്കാനിക്കൽ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ, എയർ കണ്ടീഷനിംഗ് എന്നിവയുടെ ചെറിയ അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷോപ്പുകൾ.
- കാറ്റഗറി സി: ബോഡി റിപ്പയർ, റീപെയിന്റിംഗ്, പോളിഷിംഗ് എന്നിവ നിർവഹിക്കുന്ന ഷോപ്പുകൾ.
- കാറ്റഗറി ഡി: റേഡിയേറ്റർ, എക്സ്ഹോസ്റ്റ് സിസ്റ്റം, എയർ സസ്പെൻഷൻ, ബ്രേക്കുകൾ, ഗ്ലാസ്, സീറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയവയുടെ പ്രത്യേക അറ്റകുറ്റപ്പണികൾ നടത്തുന്ന ഷോപ്പുകൾ.
- കാറ്റഗറി ഇ: ബാറ്ററി, അലങ്കാര ഫിറ്റിംഗുകൾ എന്നിവയുടെ പരിശോധനയും മാറ്റിസ്ഥാപിക്കലും മാത്രം നടത്തുന്ന ഷോപ്പുകൾ.
ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, വര്‍ക്ക് ഷോപ്പുകള്‍ക്ക് തൊഴില്‍പരമായ ആരോഗ്യ, സുരക്ഷാ ആവശ്യകതകളും ഒരു കൂട്ടം സാങ്കേതികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകളും ബാധകമാക്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും അനുവദിച്ചിരിക്കുന്ന നിര്‍ദിഷ്ട സ്ഥലങ്ങളും സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മിനിമം വിസ്തീര്‍ണവും ഈ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.
വാണിജ്യ തെരുവുകളിലും ലോജിസ്റ്റിക് മേഖലകളിലും വാഹന റിപ്പയര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതിയുണ്ട്. ലൈസന്‍സ് ലഭിച്ച പ്രവര്‍ത്തന മേഖലയുടെ തരം അനുസരിച്ച്, വ്യാവസായിക മേഖലകള്‍, പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍, പെട്രോള്‍ ബങ്കുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലും വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
സ്ഥല നിയന്ത്രണങ്ങൾ:
- കാറ്റഗറി എ: വ്യാവസായിക മേഖലകൾക്കുള്ളിൽ മാത്രം പ്രവർത്തിക്കാം.
- കാറ്റഗറി സി: വ്യാവസായിക മേഖലകൾ, പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ.
- കാറ്റഗറി ബി, ഡി: വ്യാവസായിക മേഖലകൾ, പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, പെട്രോൾ ബങ്കുകൾ എന്നിവിടങ്ങളിൽ.
- കാറ്റഗറി ഇ: വ്യാവസായിക മേഖലകൾ, വാണിജ്യ തെരുവുകൾ, പെട്രോൾ ബങ്കുകൾ, പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ.
നിയമങ്ങൾ:
- എല്ലാ വർക്ക്‌ഷോപ്പുകളും തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക-പ്രവർത്തന ആവശ്യകതകൾ, കെട്ടിട നിർമാണ ചട്ടങ്ങൾ, അനുവദനീയ ഉയരം, 30 ശതമാനം ഇടനാഴി വിസ്തീർണ്ണ പരിധി, ലാൻഡ്സ്കേപ്പിംഗ് മാനദണ്ഡങ്ങൾ എന്നിവ പാലിക്കണം.
- വാണിജ്യ തെരുവുകളിലോ പെട്രോൾ ബങ്കുകളിലോ ഉള്ള കാറ്റഗറി എ ഷോപ്പുകൾക്ക് ഓരോ യൂണിറ്റിനും കുറഞ്ഞത് 100 ച.മീ. വിസ്തീർണ്ണവും, വ്യാവസായിക മേഖലകളിൽ 2,000 ച.മീ. വരെ വിസ്തീർണ്ണവും ആവശ്യമാണ്.
- ബോഡി വർക്കിനും പെയിന്റിംഗിനും പാരിസ്ഥിതിക, ദൃശ്യ, ശബ്ദ ശല്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക വ്യവസ്ഥകൾ.
- ഗുണഭോക്താക്കൾക്ക് എയർ കണ്ടീഷൻഡ് കാത്തിരിപ്പ് മുറി, ഗ്ലാസ് ജനാലകൾ അല്ലെങ്കിൽ നിരീക്ഷണ ക്യാമറകൾ എന്നിവ ലഭ്യമാക്കണം.
- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ബോഡി വർക്ക്, പെയിന്റിംഗ്, ടയർ സർവീസ് എന്നിവയ്ക്ക് പ്രത്യേക സ്ഥലം വേർതിരിക്കണം.
- വർക്ക്‌ഷോപ്പിന്റെ മുൻഭാഗം സൗദി വാസ്തുവിദ്യാ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിരിക്കണം. ക്ലോസ്ഡ് വ്യാവസായിക മേഖലകൾ ഒഴികെ, മുൻഭാഗം പൂർണമായും അടച്ചിരിക്കണം.
- പ്രാണികൾ, എലികൾ എന്നിവ തടയാൻ അഗ്നി പ്രതിരോധശേഷിയുള്ള, ഈർപ്പം ബാധിക്കാത്ത സീലിംഗ് ഉപയോഗിക്കണം.
- ഓയിൽ മലിനജല പൈപ്പ്‌ലൈനിലേക്ക് ഒഴുകാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. പഴയ ഓയിലുകൾ പ്രത്യേക ടാങ്കുകളിൽ ശേഖരിക്കണം, മൂന്ന് മാസത്തിലൊരിക്കൽ പരിശോധിക്കണം.