ജിദ്ദ – സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മരുമകന്‍ ഹസന്‍ ജഅ്ഫര്‍ ഖുസൈര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസിലെ അല്‍മസ്സ ഡിസ്ട്രിക്ടില്‍ ഹിസ്ബുല്ല നേതാക്കളും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥരും സ്ഥിരമായി വന്നുപോകുന്ന ഫ്‌ളാറ്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ നസ്‌റല്ലയുടെ മരുമകന്‍ അടക്കം രണ്ടു പേര്‍ ലെബനോനികളാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. മണിക്കൂറുകള്‍ക്കു മുമ്പ് ഇതേ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സുരക്ഷാ, സൈനിക വകുപ്പ് ആസ്ഥാനങ്ങളും വിദേശ രാജ്യങ്ങളുടെ എംബസികളും യു.എന്‍ സംഘടനാ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന പ്രദേശമാണ് അല്‍മസ്സ ഡിസ്ട്രിക്ട്. കഴിഞ്ഞ ചൊവ്വാഴ്ച ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ മറ്റൊരു ഹിസ്ബുല്ല നേതാവിന്റെ സഹോദരനാണ് ഹസന്‍ ജഅ്ഫര്‍ ഖുസൈര്‍.
ഇന്ന് പുലര്‍ച്ചെ ബെയ്‌റൂത്തില്‍ ഹിസ്ബുല്ല ആംബുലന്‍സ് സെന്ററിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യബെയ്‌റൂത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ലെബനീസ് മന്ത്രിസഭാ ആസ്ഥാനത്തിനു സമീപമാണ് ഇസ്രായില്‍ ആക്രമണം നടത്തിയ ഹിസ്ബുല്ല ആംബുലന്‍സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ലെബനോനില്‍ ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 90 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഗാസയില്‍ 41,000 ലേറെ പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.