ജിദ്ദ: എം ടി വാസുദേവൻ നായർ സാഹിത്യ കൈരളിക്ക് മുഖവുര ആവശ്യമില്ലാത്ത അതുല്യ പ്രതിഭയായിരുന്നുവെന്ന് ജിദ്ദ കേരള പൗരാവലി ജിദ്ദയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. എം ടി യുടെ വിയോഗം സാഹിത്യ സിനിമാ മേഖലക്കും വേറിട്ട പ്രതികരണ ശൈലികൾക്കും കനത്ത നഷ്ടമാണ് എന്നതിൽ തർക്കമില്ല. സമൂഹത്തിൽ ആഴ്ന്നിറങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യന്റെ വിശപ്പിന് മുമ്പിൽ വഴിമാറുമെന്ന് തന്റെ സാഹിത്യ ശൈലിയിലൂടെ അദ്ദേഹം പഠിപ്പിച്ചു.
കാലമെത്ര കഴിഞ്ഞാലും മണ്ണും മലയാളിയും നിലനിൽക്കുവോളം എംടിയുടെ രചനകൾ വായിക്കുകയും അതിൽ പഠനവും ഗവേഷണവും തുടരുകയും ചെയ്യുമെന്ന് അനുസ്മരണ സെമിനാറിൽ പങ്കെടുത്തവർ നിരീക്ഷിച്ചു. മനുഷ്യ സഹജമായ പ്രണയം, വിശപ്പ്, കരുണ, സഹതാപം, മാനാഭിമാനം എന്നീ വികാരങ്ങളെ തൻ്റെ രചനകളിൽ പ്രോജ്ജ്വലിപ്പിക്കുകയും സാമൂഹ്യ പരിഷ്ക്കരണങ്ങൾക്കും മാനവ പുരോഗതിയ്ക്കുമുള്ള വിത്തെറിയുകയും ചെയ്ത അതുല്ല സാഹിത്യകാരനായിരുന്നു എം.ടിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
നസീർ വാവാക്കുഞ്ഞ്, ഹിഫ്സു റഹ്‌മാൻ, മിർസാ ഷരീഫ്, അയ്യൂബ് പന്തളം, റാഫി ബീമാപ്പള്ളി, റെമി പി. ആർ, യൂനുസ് കാട്ടൂർ, ജാഫറലി പാലക്കോട്, സുനിൽ സെയ്ദ്, സോഫിയ ബഷീർ, മുഹമ്മദ് റാഫി ആലുവ, അബ്ദുള്ള മുക്കണ്ണി, റജിയ വീരാൻ, വാസുദേവൻ വെളുത്തേടത്ത്, അബ്ദുൽ ലത്തീഫ് പാലക്കാട്, ഷമീർ നദ്‌വി, ശിഹാബ് കരുവാരകുണ്ട്, യൂസുഫ് കോട്ട, സി എച്ച് ബഷീർ, അലി തേക്കുതോട്, നാസർ കോഴിത്തൊടി, അഡ്വ. ഷംസുദീൻ, സോഫിയ സുനിൽ, വീരാൻ ചെർപ്പുളശേരി, അഷ്‌റഫ് രാമനാട്ടുകര, മസൂദ് ബാലരാമപുരം എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി സദസ്സ് നിയന്ത്രിച്ചു. കൺവീനർ നാസർ ചാവക്കാട് സ്വാഗതവും ജനറൽ കൺവീനർ മൻസൂർ വയനാട് നന്ദിയും പറഞ്ഞു