ജിദ്ദ – ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജിദ്ദ സന്ദർശനം വഴി ഇന്ത്യക്ക് കൈവരുന്നത് നിരവധി നേട്ടങ്ങൾ. ദീർഘകാല സാമ്പത്തിക-വ്യാപാര നേട്ടമാണ് ഇന്ത്യക്ക് ലഭ്യമാകുക. പ്രതിരോധ, വ്യാപാര വാണിജ്യ, വിനോദസഞ്ചാര, ഗവേഷണ മേഖലകളിലെല്ലാം കൈകോർക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് മന്ത്രിതല സമിതി രൂപീകരിക്കാൻ സ്ഥാപിച്ചു എന്നതാണ്. ഇതിന് പുറമെ, ഇന്ത്യയില്‍ രണ്ടു റിഫൈനറികള്‍ സ്ഥാപിക്കാൻ ധാരണയായതും നേട്ടമായി. ഇതിന് പുറമെയാണ് ടൂറിസം, സാംസ്‌കാരിക മേഖലകളിലെ സഹകരണം. പുതിയ രണ്ടു മന്ത്രിതല സമിതികള്‍ കൂടി ഉള്‍പ്പെടുത്തി സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ വിപുലീകരിക്കാനുള്ള നീക്കവും ഏറെ ഫലപ്രദമാണ്. പുതിയ രണ്ടു മന്ത്രിതല സമിതികള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല സമിതികളുടെ എണ്ണം നാലായി.
ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനായി ജി-20, അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിലും വേദികളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. പ്രതിരോധം, സുരക്ഷ, ഊര്‍ജം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, കൃഷി, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ശക്തമായ അടിത്തറയുണ്ട്. പൊതുതാല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ സൗദി കിരീടാവകാശിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇരു നേതാക്കളും ക്രിയാത്മക ചര്‍ച്ചകള്‍ നടത്തി. 2023 സെപ്റ്റംബറില്‍ സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ആദ്യ യോഗം ചേര്‍ന്നതിനുശേഷം ഉണ്ടായ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു.
സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിനു കീഴിലെ രാഷ്ട്രീയ, സുരക്ഷാ, സാമൂഹിക, സാംസ്‌കാരിക സഹകരണ മന്ത്രിതല സമിതിയും സാമ്പത്തിക, നിക്ഷേപ മന്ത്രിതല സമിതിയും ഇരു സമിതികള്‍ക്കും കീഴിലെ ഉപസമിതികളും സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളും കൈവരിച്ച നേട്ടങ്ങളില്‍ ഇരു വിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും പരസ്പര ധാരണയും ശക്തിപ്പെടുത്തുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ഇടക്കിടെ നടക്കുന്ന ഉന്നതതല സന്ദര്‍ശനങ്ങള്‍ക്ക് ഇരു നേതാക്കളും നന്ദി പ്രകടിപ്പിച്ചു.
രണ്ടു ജനതകള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സൗദിയില്‍ താമസിക്കുന്ന 27 ലക്ഷം ഇന്ത്യക്കാരെ തുടര്‍ച്ചയായി പരിരക്ഷിക്കുന്നതിന് ഇന്ത്യ സൗദി അറേബ്യക്ക് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളില്‍ സമീപ വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചയെ ഇരു വിഭാഗവും സ്വാഗതം ചെയ്തു. ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പൊതുവായ അഭിവൃദ്ധി കൈവരിക്കാനും പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി.
ഊര്‍ജം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, സാമ്പത്തിക സാങ്കേതികവിദ്യ, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആശയവിനിമയം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍മാണം, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിക്ഷേപ പ്രവാഹം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024 ല്‍ രൂപീകരിച്ച ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യയിലെ നിക്ഷേപങ്ങള്‍ സുഗമമാക്കാനുള്ള കേന്ദ്രബിന്ദുവായി വര്‍ത്തിക്കുന്ന സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഓഫീസ് ഇന്ത്യയില്‍ തുറന്നതിന് ഇന്ത്യന്‍ പക്ഷം നന്ദി അറിയിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക പങ്കാളിത്തത്തിന് ഉന്നതതല ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനം അടിവരയിടുന്നതായും ഇത് പരസ്പര സാമ്പത്തിക വളര്‍ച്ചയിലും സഹകരണപരമായ നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഇരുപക്ഷവും ചൂണ്ടിക്കാട്ടി. പ്രത്യക്ഷ, പരോക്ഷ നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുപക്ഷവും സ്ഥിരീകരിച്ചു.
ആഗോള എണ്ണ വിപണികളുടെ സ്ഥിരത വര്‍ധിപ്പിക്കാനും ആഗോള ഊര്‍ജ വിപണിയുടെ ചലനാത്മകതയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനും സൗദി അറേബ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ സമ്മതിച്ചു. ദ്രവീകൃത പെട്രോളിയം വാതകം ഉള്‍പ്പെടെ അസംസ്‌കൃത എണ്ണയുടെയും ഉപോല്‍പന്നന്നങ്ങളുടെയും വിതരണം, ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് പ്രോഗ്രാമിലെ സഹകരണം, ഉല്‍പാദന, ശുദ്ധീകരണ, പെട്രോകെമിക്കല്‍ മേഖലകളിലെ സംയുക്ത പദ്ധതികള്‍, ഹൈഡ്രോകാര്‍ബണുകളുടെ നൂതന ഉപയോഗങ്ങള്‍, വൈദ്യുതി, പുനരുപയോഗ ഊര്‍ജം, ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി പരസ്പര ബന്ധത്തെ കുറിച്ചുള്ള വിശദമായ സംയുക്ത പഠനം പൂര്‍ത്തിയാക്കല്‍, ഗ്രിഡ് ഓട്ടോമേഷന്‍, വൈദ്യുതി ഗ്രിഡുകളുടെ സുരക്ഷയും പ്രതിരോധശേഷിയും, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍, ഊര്‍ജ സംഭരണ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു വിഭാഗവും ധാരണയിലെത്തി.
സമീപ വര്‍ഷങ്ങളില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. സൈബര്‍ സുരക്ഷ, സമുദ്ര അതിര്‍ത്തി സുരക്ഷ, രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയല്‍, മയക്കുമരുന്ന് കടത്ത് തടയല്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും.
സൗദിയും ഇന്ത്യയും തമ്മിൽ നാലു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ സൗദി സ്‌പേസ് ഏജന്‍സിയും ഇന്ത്യന്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള ധാരണാപത്രം, ആരോഗ്യ മേഖലാ സഹകരണത്തിന് സൗദി ആരോഗ്യ മന്ത്രാലയവും ഇന്ത്യയിലെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, സൗദി പോസ്റ്റും ഇന്ത്യന്‍ തപാല്‍ മന്ത്രാലയവും തമ്മിലുള്ള ഉഭയകക്ഷി കരാര്‍, ഉത്തേജക മരുന്ന് ഉപയോഗത്തെ കുറിച്ച അവബോധത്തിലും പ്രതിരോധത്തിലും സഹകരണത്തിന് സൗദി ഉത്തേജക വിരുദ്ധ സമിതിയും ഇന്ത്യയിലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും തമ്മിലുള്ള ധാരണാപത്രം എന്നിവയാണ് ഒപ്പുവെച്ചത്.