ജിദ്ദ- ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉടൻ ഇന്ത്യയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. (ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദ മലയാളം ന്യൂസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല). ഇന്ന് രാത്രി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയ ശേഷം പ്രധാനമന്ത്രി ജിദ്ദയിൽനിന്ന് തിരിക്കും. നേരത്തെയുള്ള ഷെഡ്യൂൾ പ്രകാരം മോഡി നാളെ കൂടി ജിദ്ദയിൽ തങ്ങുമായിരുന്നു. എന്നാൽ പൽഗാമിൽ ഇരുപത്തിയാറ് പേരെ ഭീകരർ കൊലപ്പെടുത്തിയതിന്റെ പശ്ചാതലത്തിൽ സന്ദർശനം വെട്ടിച്ചുരുക്കാനാണ് തീരുമാനം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരത്തെ മോഡി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. അമിത് ഷായോട് ഉടൻ കശ്മീരിലേക്ക് തിരിക്കാനും മോഡി ആവശ്യപ്പെട്ടിരുന്നു. അമിത് ഷാ നിലവിൽ കശ്മീരിലാണുള്ളത്.
കാശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ),
00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.