ജിദ്ദ- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജിദ്ദ സന്ദർശനത്തിൽ ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ഹജ് തീർത്ഥാടകരുടെ യാത്ര സംബന്ധിച്ച പ്രതിസന്ധിയും ചർച്ചയാകുമെന്ന് സൗദിയിലെ ഇന്ത്യൻ അംസാസിഡർ സുഹൈൽ അജാസ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഹജ് പ്രതിസന്ധി ചർച്ചയാകുമെന്ന് അംബാസിഡർ പറഞ്ഞു.
ഹജിന് ഇന്ത്യൻ സർക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഹജ് പ്രതിസന്ധി പരിഹരിക്കാൻ ന്യൂനപക്ഷകാര്യ മന്ത്രാലയം തീവ്രശ്രമത്തിലാണ്. ഉഭയകക്ഷി ചർച്ചകളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. സൗദി സർക്കാരും ഇന്ത്യയും തമ്മിൽ എല്ലായ്പ്പോഴും മികച്ച ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും അംബാസിഡർ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോഡി നാളെ(ചൊവ്വ) രാവിലെ ജിദ്ദയിൽ എത്തും. പ്രധാനമന്ത്രിയുടെ ജിദ്ദ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ അംബാസിഡർ, ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിൽ വന്നിട്ട് നാല് പതിറ്റാണ്ടായെന്നും പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1982 ൽ ജിദ്ദയിലെത്തിയിരുന്നു. പ്രധാനമന്ത്രി മോഡി നേരത്തെ രണ്ടു തവണ സൗദിയിൽ എത്തിയെങ്കിലും രണ്ടും റിയാദിലായിരുന്നു. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലെ ബന്ധത്തിൽ ജിദ്ദ ഏറെ പ്രാധാന്യമുള്ള സ്ഥലമാണെന്നും അംബാസിഡർ പറഞ്ഞു. നൂറ്റാണ്ടുകളായി ഉംറയ്ക്കും ഹജ്ജിനും വരുന്ന തീർത്ഥാടകരുടെ തുറമുഖമാണ് ജിദ്ദ. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിനുള്ള തുറമുഖം കൂടിയാണ് ജിദ്ദ. എല്ലാത്തരം ചർച്ചകളും നടക്കുമെന്നും മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും വ്യക്തമാക്കിയ അംബാസിഡർ, ഏറെ പ്രാധാന്യമുള്ള സന്ദർശനമാണിതെന്നും പറഞ്ഞു.